ആറ്റ്ലി ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി ദീപിക പദുകോൺ

September 13, 2020

ഷാരൂഖ് ഖാനെ നായകനാക്കി സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിട്ട് വർഷങ്ങളായി. ഒടുവിൽ ചിത്രമെത്തുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ഷാരൂഖിനൊപ്പം ആരൊക്കെയാണ് ചിത്രത്തിൽ അഭിനയിക്കുക എന്നതിൽ വ്യക്തതയില്ലായിരുന്നു. അതേസമയം, ഷാരുഖ് ഖാന്റെ നായികയായി ദീപിക പദുകോൺ എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെന്നൈയിൽ നടന്ന സി‌എസ്‌കെ v/s കെ‌കെ‌ആർ മത്സരത്തിനിടെ അറ്റ്‌ലിയും ഷാരൂഖും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും സിനിമയ്ക്കായി കൈകോർക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. ആറ്റ്ലി ഒരുക്കിയ ബിഗിലിന്റെ ട്രെയ്‌ലർ ഷാരൂഖ് പങ്കുവെച്ചതോടെ അഭ്യൂഹങ്ങൾ ശക്തമായി. അധികം വൈകാതെ തന്നെ ചിത്രം ഔദ്യോഗികമായി ആറ്റ്ലി പ്രഖ്യാപിക്കുകയായിരുന്നു.

ദീപിക പദുകോൺ നായികയായി എത്തുന്നുവെന്ന വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങുന്നത്. രാജ്കുമാർ ഹിരാനി, കൃഷ്ണ ഡി കെ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ ഉൾപ്പെടെയുള്ള പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം 2021ൽ ആറ്റ്ലി ചിത്രം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.

Story highlights- Deepika Padukone as the female lead in atlee movie