ഇത് കലാഭൈരവൻ മമ്മൂക്ക; ശ്രദ്ധേയമായി മ്യൂസിക് വീഡിയോ

September 7, 2020

മലയാളികളുടെ ഇഷ്ടതാരം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് വ്യത്യസ്തമായ രീതിയിൽ പിറന്നാൾ ആശംസകളുമായെത്തി നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മ്യൂസിക് വീഡിയോയാണ് സംവിധായകൻ പ്രമോദ് പപ്പൻ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളെ മുൻനിർത്തിയാണ് മനോഹരമായ വീഡിയോ പ്രമോദ് ഒരുക്കിയിരിക്കുന്നത്.

കലാഭൈരവൻ മമ്മൂക്ക എന്ന പേരിൽ ഡിജിറ്റൽ പെയിന്റെഡ് രീതിയിൽ തയാറാക്കിയ വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടത്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട് ഈ വീഡിയോയ്ക്ക്. ഈ പാട്ടിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് എം.ഡി.രാജേന്ദ്രന്‍ ആണ്. സംഗീതം ഔസേപ്പച്ചൻ ആണ്.

അതേസമയം അറുപത്തിയൊന്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനങ്ങളും ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. നേരത്തെ മമ്മൂട്ടിയ്ക്ക് പിറന്നാൾ സമ്മാനമായി സിനിമ താരങ്ങൾ ഒരുക്കിയ വീഡിയോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങളിലെ വ്യത്യസ്ത ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. നാദിർഷ, അജയ് വാസുദേവ്, രമേഷ് പിഷാരടി, ബാദുഷ, ഡിക്സൺ എന്നിവർ ചേർന്നാണ് മനോഹരമായ വീഡിയോ ഗാനം ഒരുക്കിയത്. മമ്മുക്കയുടെ ജന്മദിനത്തിൽ ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകർക്കായി സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്.

Story Highlights; kalaabhairavan mammookka a digitally painted music video