‘പ്രിയപ്പെട്ട അക്കിക്ക് ആശംസകൾ’- അക്ഷയ് കുമാറിന് ജന്മദിനം നേർന്ന് മോഹൻലാലും പ്രിയദർശനും

September 9, 2020

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അൻപത്തിമൂന്നാം ജന്മദിനം ആശംസകൾ കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ഭാര്യ ട്വിങ്കിൾ ഖന്നയും കുടുംബവുമൊത്ത് സ്കോട്ട്ലൻഡിൽ ജന്മദിനം ആഘോഷിക്കുകയാണ് താരം. ബോളിവുഡ് ഏറ്റവുമധികം താരമൂല്യമുള്ള നായകനാണ് അക്ഷയ് കുമാർ എന്ന് വിശേഷിപ്പിക്കാം. മലയാള സിനിമയിലെ അക്ഷയ്യുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പ്രിയദർശനും മോഹൻലാലും താരത്തിന് ജന്മദിനം നേർന്നു.

ബോളിവുഡിൽ സജീവമായ സംവിധായകൻ പ്രിയദർശൻ അക്ഷയ് കുമാറിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ് അക്ഷയ് കുമാറിന്റെ താരമൂല്യം വർധിച്ചത്.
തന്റെ പ്രിയപ്പെട്ട താരത്തെ ഹൃദ്യമായ വാക്കുകളോടെയാണ് പ്രിയദർശൻ ആശംസിക്കുന്നത്. “നമ്മൾ ഒരുമിച്ച് വിജയം ആസ്വദിച്ചു, നിങ്ങളുടെ നേട്ടങ്ങളിൽ എനിക്ക് അഭിമാനം തോന്നുന്നു..എന്റെ പ്രിയപ്പെട്ട അക്കി, നിന്നെ ദൈവം അനുഗ്രഹിക്കട്ടെ’ പ്രിയദർശൻ കുറിക്കുന്നു.

മോഹൻലാലും അക്ഷയ് കുമാറിന് ആശംസകൾ നേർന്നു. ‘ജന്മദിനാശംസകൾ പ്രിയ അക്ഷയ് കുമാർ’ എന്നാണ് താരം കുറിച്ചത്. മോഹൻലാലും അക്ഷയ് കുമാറും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കളാണ്. മോഹൻലാൽ നായകനായ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളാണ് അക്ഷയ് ബോളിവുഡിലും ഹിറ്റാക്കിയത്. മാത്രമല്ല, ഇരുവരുടെയും പൊതു സുഹൃത്താണ് പ്രിയദർശൻ.

Story highlights- mohanlal and priyadarshan send birthday wishes to akshay kumar