ഭയവും സസ്‌പെൻസും നിറച്ച് ‘നിശബ്ദം’ ട്രെയ്‌ലർ

September 21, 2020

അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം നിശബ്ദത്തിന്റെ ട്രെയ്‌ലർ എത്തി. റാണ ദഗുബാട്ടിയാണ് ട്രെയ്‌ലർ പങ്കുവെച്ചത്. ഒക്ടോബർ 2 മുതൽ ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ വളരെ വിശദമായ ഒരു ട്രെയ്‌ലറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ബധിരയും മൂകയുമായ സാക്ഷി എന്ന കഴിവുറ്റ ചിത്രകാരിയായാണ് അനുഷ്ക ഷെട്ടി എത്തുന്നത്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായി മാധവൻ എത്തുന്നു. സാക്ഷിയും ആന്റണിയും വിവാഹം ചെയ്യുന്നതിൽ അസ്വസ്ഥയാകുന്ന സൊനാലി എന്ന സുഹൃത്തായാണ് ശാലിനി പാണ്ഡെ എത്തുന്നത്. സാക്ഷിയുടെ ശബ്ദവും ഉറ്റസുഹൃത്തുമാണ് സൊനാലി. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം സൊനാലിയെ കാണാതാകുന്നതോടെ കഥ സംഘർഷഭരിതമാകുന്നതായി ട്രെയിലറിൽ കാണാം.

Read More: അനുഷ്ക ഷെട്ടിയുടെ ത്രില്ലർ ചിത്രം ‘നിശബ്ദം’ ഓടിടി റീലിസിന് ഒരുങ്ങുന്നു

മൈക്കൽ മാഡ്‌സണും അഞ്ജലിയും പോലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത് . സുബ്ബരാജുവും ശ്രീനിവാസ അവസരാലയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു കൊലപാതക രഹസ്യത്തെയും പ്രേതഭവനത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുൻപ്, ഏപ്രിൽ 2 ന് ചിത്രം ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കൊവിഡ് -19 ന്റെ പ്രതിസന്ധിയും തുടർന്നുള്ള തിയേറ്ററുകളുടെ അടച്ചുപൂട്ടലും റിലീസ് മാറ്റിവയ്ക്കാൻ അണിയറ പ്രവർത്തകരെ നിർബന്ധിതരാക്കി. ഇപ്പോൾ ചിത്രം ഒക്ടോബർ 2 ന് ഓടിടി പ്ലാറ്റ്ഫോമിലൂടെ നേരിട്ട് റിലീസിന് തയ്യാറെടുക്കുകയാണ്.