സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

September 28, 2020

സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സൂപ്പര്‍ ഓവറില്‍ മുംബൈ മുന്നോട്ടുവെച്ച 8 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു. മുംബൈയ്ക്കായ് പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ ഓവറിലിറങ്ങിയപ്പോള്‍ ഡിവില്ലിയേഴ്‌സും കോ‌ലിയുമാണ് ബാംഗ്ലൂരിനായി ഇറങ്ങിയത്. ബുംറയായിരുന്നു മുംബൈയ്ക്കായ് സൂപ്പര്‍ ഓവര്‍ എറിഞ്ഞത്.

ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 202 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ സമനില നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. 57 ബോളില്‍ 99 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

അരോണ്‍ ഫിഞ്ചിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും എബി ഡി വില്ലിയേഴ്‌സിന്റെയും അര്‍ദ്ധ സെഞ്ച്വറിയിലാണ് ബാംഗ്ലൂര്‍ 201 റണ്‍സ് നേടിയത്. എബി ഡി വില്ലിയേഴ്‌സ് 23 ബോളില്‍ 55 റണ്‍സെടുത്തു. ഐ.പി.എല്ലില്‍ 4500 റണ്‍സ് ഡിവില്ലിയേഴ്‌സ് ഇതിലൂടെ പിന്നിട്ടു. 40 ബോള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ 54 റണ്‍സ് നേടി. ഫിഞ്ച് 33 ബോളില്‍ 52 റണ്‍സ് നേടി. ശിവം ദുബൈ 10 ബോളില്‍ 27 റണ്‍സ് സ്വന്തമാക്കി. 10 ബോളില്‍ നിന്ന് 3 റണ്‍സാണ് വിരാട് കോലിക്ക് നേടാൻ സാധിച്ചത്.

Story highlights- rcb won the super over