’10 വർഷം കഴിഞ്ഞാലും മടിയിൽ തന്നെ’- സലിം കുമാറിനൊപ്പം രസകരമായ ചലഞ്ചുമായി പക്രു

September 29, 2020

സിനിമയിൽ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഗിന്നസ് പക്രുവും സലിം കുമാറും. ഇരുവരും ഒന്നിച്ച് എത്തുന്ന സിനിമകളിലെല്ലാം പൊട്ടിച്ചിരിയുടെ മേളമാണ്. മിമിക്രി വേദികളിലൂടെ സിനിമയിലേക്കെത്തിയവരാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇവരുടെ സൗഹൃദവും രസകരമാണ്. ഇപ്പോഴിതാ, പത്തുവർഷങ്ങളുടെ വ്യത്യാസത്തിൽ സലിം കുമാറും പക്രുവും ഒന്നിച്ചെടുത്ത രണ്ടു ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്.

ചിത്രങ്ങളിൽ സലിം കുമാറിന്റെ മടിയിലിരിക്കുകയാണ് ഗിന്നസ് പക്രു. ’10 വർഷം കഴിഞ്ഞാലും മടിയിൽ തന്നെ’ എന്ന കുറിപ്പിനൊപ്പമാണ് പക്രു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘പക്രുവും, ഞാനും പത്തു വർഷങ്ങളുടെ വ്യത്യാസത്തിൽ’ എന്ന കുറിപ്പാണ് സലിം കുമാർ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വെനീസിലെ വ്യാപാരി, സ്വന്തം ഭാര്യ സിന്ദാബാദ്, മൈ ബിഗ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ പക്രുവും സലിം കുമാറും രസകരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്.

Read More: പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍

1984ൽ  ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയാണ് അജയകുമാർ എന്ന ഗിന്നസ് പക്രു സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. ഒരു മിമിക്രി കലാകാരനായി ആയിരത്തിലധികം സ്റ്റേജുകളിൽ പതിനെട്ടുവയസിനു മുൻപ് തന്നെ പ്രകടനം നടത്തിയിരുന്നു പക്രു. മിമിക്രി വേദിയിലൂടെയാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പാരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.

Story highlights- salim kumar and Guinness pakru 10 year challenge