‘ഇതൊരു വൈകാരിക യാത്രയാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹമാണ്’- പുതിയ സംരംഭത്തിന് തുടക്കമിട്ട് സാമന്ത

September 7, 2020

സിനിമകൾക്ക് ഒപ്പം തന്നെ ബിസിനസ് രംഗത്തും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടി സാമന്ത. വസ്ത്രവിപണന രംഗത്തേക്കാണ് സാമന്ത ചുവടുവയ്ക്കുന്നത്. സാഖി എന്ന ഫാഷൻ ലേബലിന് തുടക്കമിട്ടതായി നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുപാട് നാളായി കാണുന്ന സ്വപ്നമാണെന്നും തന്റെ കുഞ്ഞാണിതെന്നും സാമന്ത സംരംഭത്തെക്കുറിച്ച് പങ്കുവയ്ക്കുന്നു.

‘അഭിനയ ജീവിതം തുടങ്ങുന്നതിനു മുൻപ് മാഗസിനിൽ കണ്ട ഫാഷനബിളായ ആളുകളും ശൈലികളും എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. കോളജിൽ പഠിക്കുന്ന സമയത്ത് ഡിസൈനർ വസ്ത്രം വാങ്ങാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അഭിനയ ജീവിതം ആരംഭിച്ചതിനുശേഷമാണ് പ്രമുഖരായ ഡിസൈനർമാർ ഒരുക്കിയ വസ്ത്രം ധരിക്കുക എന്ന ബഹുമതി ലഭിക്കുന്നത്. വർഷങ്ങൾക്കുശേഷം എന്റെ കയ്യൊപ്പ് പതിഞ്ഞ വസ്ത്രം ഞാൻ ധരിക്കുന്നു. ഇതൊരു വൈകാരിക യാത്രയാണ്. ഇത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹമാണ്’- സാമന്തയുടെ വാക്കുകൾ.

സാഖി എന്ന ഫാഷൻ ലേബലിന്റെ പ്രവർത്തനങ്ങളെല്ലാം സാമന്ത ഒരു വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നത് എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും അത് സാധിക്കാറില്ല. എന്നാൽ എല്ലാവരിലേക്കും എത്തിച്ചേരുക എന്ന ഉദ്ദേശത്തോടെയാണ് സാഖിക്ക് രൂപം കൊടുത്തതെന്ന് സാമന്ത പറയുന്നു. സാഖിയുടെ പ്രവർത്തനങ്ങളിൽ സാമന്തയും സജീവമാണ് എന്ന് വീഡിയോയിൽ കാണാം. നിരവധി താരങ്ങൾ സാമന്തയ്ക്ക് ആശംസയറിച്ച് രംഗത്ത് വന്നു.

Read More: ‘എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള മമ്മൂക്കയുടെ താൽപര്യം ഇതിന് ഉദാഹരണമാണ്’- മമ്മൂട്ടിക്ക് ജന്മദിനാശംസകളറിയിച്ച് ഷാജി കൈലാസ്

നടൻ നാഗചൈതന്യയുമായുള്ള വിവാഹ ശേഷവും വെള്ളിത്തിരയിൽ നിറസാന്നിധ്യമാണ് സാമന്ത. ലോക്ക് ഡൗൺ സമയത്ത് കൃഷിയും, ഓൺലൈൻ പഠനവുമൊക്കെയായി താരം തിരക്കിലായിരുന്നു. സുഹൃത്തുക്കളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന വിശേഷങ്ങളും സാമന്ത പങ്കുവെച്ചിരുന്നു.

Story highlights- samantha akkineni’s own fashion label