ശാരീരിക വൈകല്യമുള്ള കഥാപാത്രമായി സാമന്ത; തിരിച്ചുവരവിൽ കൈനിറയെ ചിത്രങ്ങൾ

September 17, 2020

തമിഴിലും തെലുങ്കിലും ഒരേപോലെ തുടക്കമിട്ട് സിനിമാ ജീവിതം ആരംഭിച്ച നടിയാണ് സാമന്ത. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രിയയായി മാറിയ സാമന്തയുടെ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ ഹിറ്റുകൾ സൃഷ്ടിച്ചു. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനിടയിലാണ് സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലാകുകയും 2017ൽ വിവാഹിതയാകുകയും ചെയ്തത്. പിന്നീട് മികച്ച അവസരങ്ങൾക്കായുള്ള കാത്തിരിപ്പിലായിരുന്നു താരം. ഇപ്പോഴിതാ, രണ്ടാം വരവിന് തയ്യാറെടുക്കുമ്പോൾ ഒട്ടേറെ ചിത്രങ്ങളാണ് സാമന്തയെ തേടിയെത്തുന്നത്.

സംവിധായകൻ വിഘ്‌നേഷ് ശിവൻ ഒരുക്കുന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങുന്ന സാമന്ത അശ്വിൻ ശരവണൻ ഒരുക്കുന്ന ചിത്രത്തിലും വേഷമിടാൻ ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലരായ ‘ഗെയിം ഓവർ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അശ്വിൻ ശരവണൻ. തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിൽ ശാരീരിക വൈകല്യമുള്ള വ്യക്തിയായാണ് സാമന്ത എത്തുന്നത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാൻ സാമന്ത എന്നും താല്പര്യം പ്രകടിപ്പിക്കാറുണ്ട്. മാത്രമല്ല, പുതിയ കഥാപാത്രത്തിനായുള്ള പരിശീലനവും താരം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More:‘ബിഗിൽ’ ഫസ്റ്റ് ലുക്കിന് ശേഷം ഏറ്റവുമധികം ആളുകൾ റീട്വീറ്റ് ചെയ്ത ചിത്രമായി വിജയ്‌യുടെ ‘മാസ്റ്റർ’ സെൽഫി

അതേസമയം, സിനിമകൾക്ക് ഒപ്പം തന്നെ ബിസിനസ് രംഗത്തും സജീവമാകാൻ തയ്യാറെടുക്കുകയാണ് നടി സാമന്ത. വസ്ത്രവിപണന രംഗത്തേക്കാണ് സാമന്ത ചുവടുവയ്ക്കുന്നത്. സാഖി എന്ന ഫാഷൻ ലേബലിന് തുടക്കമിട്ടതായി നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുപാട് നാളായി കാണുന്ന സ്വപ്നമാണെന്നും തന്റെ കുഞ്ഞാണിതെന്നും സാമന്ത സംരംഭത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു.

Story highlights- samantha’s next project with aswin sharavanan