‘കൊവിഡിന് മുൻപേ മാസ്ക് ധരിച്ചിരുന്ന ഞാൻ’ – സഹോദരനൊപ്പമുള്ള സ്കൂട്ടർ സവാരി പങ്കുവെച്ച് സനുഷ
ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. ഇപ്പോഴിതാ, സഹോദരനും നടനുമായ സനൂപിനൊപ്പമുള്ള സ്കൂട്ടർ സവാരിയാണ് പങ്കുവയ്ക്കുന്നത്.
കൊവിഡിനു മുൻപുള്ള യാത്രയാണെന്ന് താരം കുറിക്കുന്നു. അപ്പോഴും മാസ്ക് ഉപയോഗിച്ചിരുന്നതായും സനൂപിനൊപ്പമുള്ള ആ യാത്രകൾ മിസ് ചെയ്യുന്നുണ്ടെന്നും സനുഷ കുറിക്കുന്നു. സനൂപും ചിത്രത്തിന് കമന്റുമായി എത്തി.
ബാലനടിയായി എത്തി സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ താരമാണ് സനുഷ. ആദ്യ ചിത്രത്തിലൂടെ സനൂപും അവാർഡ് കരസ്ഥമാക്കിയിരുന്നു. സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സനുഷ, 2000ൽ ദാദാ സാഹിബ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മീശ മാധവൻ, കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇപ്പോൾ സിവിൽ സർവീസ് പഠന പരിശീലനത്തിലാണ് സനുഷ.