മൺമറഞ്ഞിട്ടും മനസിലെന്നും മായാത്ത പുഞ്ചിരിയുമായി പ്രിയ നായിക; സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോ
തെന്നിന്ത്യയിലെ താരറാണിയായിരുന്നു സൗന്ദര്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായുണ്ടായ വിമാനാപകടത്തിൽ സൗന്ദര്യ വിടപറഞ്ഞത്. മനസിൽ എന്നും വിങ്ങലായി നിലനിൽക്കുന്ന സൗന്ദര്യയെ മലയാളികൾക്ക് പരിചയം രണ്ടു ചിത്രങ്ങളിലൂടെയാണ്. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നെ ചിത്രങ്ങളിലാണ് മലയാളത്തിൽ സൗന്ദര്യ വേഷമിട്ടത്. എന്നാൽ, തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം സജീവമായിരുന്ന സൗന്ദര്യ ഭാഷയ്ക്കതീതമായി ആരാധകരുള്ള താരമായിരുന്നു. ഇപ്പോഴിതാ, സൗന്ദര്യയുടെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സഹോദരൻ അമർനാഥിന്റെ വിവാഹത്തിൽ പുഞ്ചിരിയുമായി ഓടിനടന്ന് ക്യാമറ കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് താരം.
ഇലക്ഷൻ പ്രചാരണത്തിനായി സഞ്ചരിച്ച വിമാനം തകർന്നാണ് സൗന്ദര്യ മരണമടഞ്ഞത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ അമർനാഥും മരണപ്പെട്ടിരുന്നു. 1992ലാണ് സൗന്ദര്യ സിനിമയിലേക്ക് എത്തുന്നത്. കന്നഡ ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാഥന്റെയും മഞ്ജുള സത്യനാഥന്റെയും മകളാണ് സൗന്ദര്യ.
എം ബി ബി എസ് പഠനം പാതിവഴിയിലുപേക്ഷിച്ച് സിനിമയിലേക്കെത്തിയ സൊന്ദര്യ മോഡേൺ തെലുങ്ക് സിനിമയുടെ സാവിത്രി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2004ൽ ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലാണ് നടി അവസാനമായി അഭിനയിച്ചത്. മരണത്തിനു മുൻപ് മൂന്ന് ഓർഫനേജുകൾ അച്ഛന്റെ പേരിൽ ആരംഭിച്ചിരുന്നു. സൗന്ദര്യയുടെയും സഹോദരന്റെയും മരണശേഷം ‘അമ്മ മഞ്ജുള അമർസൗന്ദര്യ വിദ്യാലയ എന്ന പേരിൽ സ്കൂളുകളും ഓർഫനേജുകളും സ്ഥാപിച്ചിരുന്നു.
Story highlights- soundarya rare video