ആളും ആരവവുമില്ല ഐപിഎല്ലിനൊരുങ്ങി യുഎഇ; മത്‌സരം സെപ്തംബർ- 19 മുതൽ

September 18, 2020

ഐ പി എൽ എന്നും ക്രിക്കറ്റ് ആരാധകർക്ക് ആവേശത്തിന്റെ ദിനങ്ങളാണ്… എന്നാൽ കൊറോണ വൈറസ് വ്യാപനം കായിക മേഖലയെയും പ്രതികൂലമായി ബാധിച്ചു. പക്ഷെ ഈ മഹാമാരിക്കിടെ ഇപ്പോഴിതാ ഇന്ത്യൻ പ്രീമിയർ ലീഗ് മൽസരങ്ങൾക്കൊരുങ്ങുകയാണ് യുഎഇ നഗരം. സെപ്തംബർ 19ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ കലാശം നവംബർ 8 നായിരിക്കും. 19 ന് വൈകിട്ട് യുഎഇ സമയം ആറിന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മൽസരം നടക്കുന്നത്.

അബുദാബി, ദുബായ്, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. അതേസമയം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാണികളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും എട്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. എന്നാൽ നിയന്ത്രണങ്ങളോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ ക്രിക്കറ്റ് ആരാധകർ. അതേസമയം യുഎഇയിലെ കനത്ത ചൂട് കളിക്കാർക്ക് ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്.

ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ തീരുമാനിച്ചത്. ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് പ്രതിസന്ധി കാരണം മാറ്റിവെച്ചതോടെയാണ് ഐപിഎൽ നടത്താൻ തീരുമാനമായത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ഓസ്‌ട്രേലിയയിൽ വെച്ച് ലോകകപ്പ് നടത്താനായിരുന്നു ഐസിസി ആദ്യം തീരുമാനിച്ചത്. എന്നാൽ കൊവിഡ് രൂക്ഷമായതോടെ ആഥിതേയത്വം വഹിക്കുന്നതിൽ നിന്നും ഓസ്‌ട്രേലിയ പിൻമാറുകയായിരുന്നു.

Story Highlights: uae ready for ipl