‘അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല’ – കല്യാണം കഴിഞ്ഞ് 58 വർഷത്തിന് ശേഷം ഒരു അടിപൊളി ഫോട്ടോഷൂട്ട്

ഫേസ്ബുക്കിൽ നിറയെ ചലഞ്ചുകളുടെ മേളമാണ്. ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും സിംഗിൾ ചലഞ്ചുമൊക്കെയായി പട്ടിക നീളുന്നു. ഇതിനിടയിൽ വളരെ വ്യത്യസ്തമായ ഒരു കല്യാണ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്. ഒന്നിച്ചൊരു കല്യാണ ഫോട്ടോ ഇല്ലാത്ത ദമ്പതികൾ 58 വർഷങ്ങൾക്ക് ശേഷം ഒരു ഗംഭീര ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ ഇളക്കിമറിക്കുകയാണ്.

‘കല്യാണം കഴിഞ്ഞിട്ട് 58 വർഷം ആയി… അപ്പച്ചായിക്കും അമ്മച്ചിക്കും ഒരു കല്യാണാ ഫോട്ടോ ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല…. അങ്ങ് എടുത്തേക്കാം എന്ന് വെച്ചു’ എന്ന കുറിപ്പുമായി ജിബിൻ ജോയ് എന്ന ഫോട്ടോഗ്രാഫർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുണ്ടക്കയം മരുതുംമൂട് പുന്നയ്ക്കലിൽ പി സി ജോർജ് എന്ന കുഞ്ഞൂട്ടി ചേട്ടനും ഭാര്യ ചിന്നമ്മയ്ക്കും വിവാഹ ദിവസം ഒന്നിച്ചൊരു ചിത്രമെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, മനസിലൊതുക്കി വെച്ച സ്വപ്നം വർഷങ്ങൾക്ക് ശേഷം കൊച്ചുമകനായ ജിബിൻ ജോയ് സാക്ഷാത്കരിച്ചു നൽകി.

കോട്ടും സ്യൂട്ടും അണിഞ്ഞ് കുഞ്ഞൂട്ടി ചേട്ടൻ അടിപൊളി മണവാളനായി. സാരിയും കൂളിംഗ് ഗ്ളാസ്സും വെച്ച് ചിന്നമ്മ മണവാട്ടിയുമായി. ആത്രേയ എന്ന ഫോട്ടോഗ്രാഫി സ്ഥാനം നടത്തുകയാണ് വൈറൽ ചിത്രങ്ങൾക്ക് പിന്നിലെ ജിബിൻ ജോയ്. ജിബിന്റെ അച്ഛന്റെ അച്ഛനും അമ്മയുമാണ് ചിത്രങ്ങളിലെ താരം.
Story highlights- viral couple challenge