ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനല്ല ഇത് കട്ടപ്പ; തെലുങ്ക് ട്രെയ്ലര്
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും. സൗബിന് ഷാഹിറും ഒരു കുഞ്ഞന്‍ രോബോര്ട്ടും ചേര്‍ന്ന് അനശ്വരമാക്കിയ ചിത്രം തെലുങ്കിലേക്കും മൊഴിമാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്ലറും പുറത്തെത്തി. ആന്‍ഡ്രോയ്ഡ് കട്ടപ്പ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.
ഒടിടി പ്ലാറ്റ്ഫോമായ അഹ വീഡിയോയിലൂടെയായിരിക്കും തെലുങ്ക് മൊഴുമാറ്റ പതിപ്പ് പ്രേക്ഷകരിലേക്കെത്തുക. തെലുങ്ക് സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ സംരഭമാണ് അഹ വീഡിയോ. അടുത്തിടെ ഫോറന്‍സിക്, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴി മാറ്റ് അഹ വീഡിയോ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു.
2019-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ എന്ന ചിത്രം. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം. മൂണ്‍ഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡായിരുന്നു പ്രധാന ആകര്‍ഷണം. സൂരജ് കുഞ്ഞപ്പന് വേഷപ്പകര്‍ച്ച നല്കി. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ നുണ്ട്.
Story highlights: Android Kattappa Telugu Trailer