സ്ക്രീനിൽ ഒന്നിക്കാൻ അച്ഛനും മകളും- അന്നയും ബെന്നി പി നായരമ്പലവും വേഷമിടുന്ന ചിത്രം
ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് അന്ന ബെൻ. പിന്നീട് അഭിനയിച്ച രണ്ടു ചിത്രങ്ങളിലൂടെയും ആ ഇരിപ്പിടം നടി കൂടുതൽ ഉറപ്പിച്ചു. തിരക്കഥാകൃത്തായി മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. അച്ഛന്റെ തിരക്കഥയിൽ അന്ന നായികയാകുന്നത് കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് അച്ഛനും മകളും അഭിനേതാക്കളായി എത്തുന്നു.
അന്ന ബെന്നും സണ്ണി വെയ്നും നായികാനായകന്മാരായി അഭിനയിക്കുന്ന ചിത്രത്തിൽ ബെന്നി പി നായരമ്പലവും വേഷമിടുന്നുണ്ട്. അച്ഛനും മകളുമായല്ല അന്നയും ബെന്നി പി നായരമ്പലവും അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വാഗമണ്ണിൽ പുരോഗമിക്കുകയാണ്.
ജൂഡ് ആന്റണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വാഗമണ്ണിൽ ചിത്രീകരണം പൂർത്തിയാക്കിയശേഷം അടുത്ത ഷെഡ്യൂൾ എറണാകുളത്താണ്. അനന്താ വിഷന്റെ ബാനറിൽ ശാന്ത മുരളീധരൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിമിഷ് രവി ആണ്.
അതേസമയം, ണ്ടാമത്തെ ചിത്രമായ ഹെലനിലൂടെ അമ്പരപ്പിച്ച അന്ന ബെൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശത്തിന് അർഹയായ സന്തോഷത്തിലാണ്. നാട്ടിൻപുറത്തിന്റെ കുറുമ്പും കുസൃതിയുമായി ബേബി മോളായി വന്ന് മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ അന്ന ബെൻ കാഴ്ചവെച്ചത്. രണ്ടാമത്തെ ചിത്രമായ ഹെലനിൽ കൂടുതൽ മികച്ചതായി അമ്പരപ്പിച്ചു. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിച്ചത്.
Read More: മോഹൻലാലിൻറെ നായികയായി ശ്രദ്ധ ശ്രീനാഥ് അഞ്ചുവർഷത്തിനുശേഷം മലയാളത്തിലേക്ക്
ഹെലന് ശേഷം അന്ന നായികയായ കപ്പേളയും മികച്ച പ്രതികരണമാണ് നേടിയത്. റോഷൻ മാത്യുവും അന്ന ബെന്നും ശ്രീനാഥ് ഭാസിയുമായിരുന്നു കപ്പേളയിൽ പ്രധാന വേഷത്തിൽ എത്തിയത്.
Story highlights- anna ben and father benny p nayarambalam together for a film