‘ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ’- നാടും പുഴയും പരിചയപ്പെടുത്തി അനുശ്രീ
നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെച്ച അനുശ്രീ, ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
അനുശ്രീയുടെ നാടും പുഴയും കൂട്ടുകാരുമൊക്കെയാണ് വീഡിയോയിലുള്ളത്. കമുകുംചേരി എന്ന മനോഹരമായ ഗ്രാമത്തിന്റെ ഭംഗി ഒപ്പിയെടുത്തിരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘കാര്യം തുടങ്ങിയത് ചെടിച്ചട്ടികളിൽ ഇടാൻ ഉരുളൻ കല്ലു പെറുക്കാൻ പുഴയിൽ പോയതാ…അവടെ എത്തിയപ്പോൾ ക്രീയേറ്റിവിറ്റി കടിച്ചു.. അതിൻറെ റിസൾട്ട് ആണിത്…എന്റെ നാട്…എന്റെ പുഴ.. എന്റെ കൂട്ടുകാർ…’ അനുശ്രീ കുറിക്കുന്നു.
പുഴയുടെ ഭംഗിയാണ് വീഡിയോയുടെ ആകർഷണം. ഒട്ടേറെ ആരാധകർ അനുശ്രീയുടെ നാടിന്റെ പച്ചപ്പിനെക്കുറിച്ച് കമന്റ്റ് ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അനുശ്രീ, ഇപ്പോൾ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ലോക്ക് ഡൗൺ ദിനങ്ങളിൽ വിവിധ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. ശ്രീകൃഷ്ണജയന്തി ദിനത്തിൽ അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.
ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്.
വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.
Story highlights- anusree instagram video