‘ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ മോഹൻലാലുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ..’- നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചേർന്ന് ക്‌ളൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയിൽ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആന്റണി.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബാബു ആന്റണി സിനിമാ ജീവിതത്തിൽ വഴിത്തിരിവാകുമായിരുന്ന രംഗത്തെ കുറിച്ച് പങ്കുവെച്ചത്. ‘ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറ്റവും ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം ചിത്രത്തിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈരംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദി’- ബാബു ആന്റണി കുറിക്കുന്നു.

നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ജഗദീഷ് എന്നിവരും അഭിനയിച്ച ആക്ഷൻ ചിത്രമായിരുന്നു 2002ൽ റിലീസിനെത്തിയ താണ്ഡവം. അതേസമയം, പഴയ ചിത്രങ്ങളുടെ ഓർമ്മ പുതുക്കുന്ന തിരക്കിലാണ് ബാബു ആന്റണി. ഒട്ടേറെ സിനിമകളെ കുറിച്ച് ബാബു ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ആക്ഷന്‍ ഹീറോ റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ നടന് ആരാധകരും ഏറെയാണ്. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിരുന്നു ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ നായകനായി വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ എന്ന ചിത്രത്തിലാണ് ബാബു ആന്റണി നായകനാവുന്നത്.

Story highlights- babu antony about thandavam movie climax