അതിജീവനത്തിന്റെ കാലത്ത് സഹജീവികൾക്ക് സഹായവുമായി ഫഹദും മഹേഷ് നാരായണനും- സീ യു സൂണിന്റെ വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി
ലോക്ക് ഡൗൺ സമയത്ത് ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കിയ ചിത്രമാണ് സീ യു സൂൺ. ആമസോൺ പ്രൈമിലാണ് സീ യു സൂൺ പ്രദർശനത്തിനെത്തിയത്. മലയാളികൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ് ആണ് സീ യു സൂണിൻറെ പ്രത്യേകത. ഇപ്പോഴിതാ, സിനിമയുടെ വരുമാനത്തിൽ നിന്ന് ഒരു തുക ഫെഫ്കയ്ക്ക് കൈമാറി മാതൃകയാകുകയാണ് ഫഹദ് ഫാസിലും മഹേഷ് നാരായണനും.
പത്തു ലക്ഷം രൂപയാണ് ഫെഫ്കയ്ക്കായി കൈമാറിയത്. ഫെഫ്കയുടെ ചുമതലയിലുള്ള സംവിധായകനും നിർമാതാവുമായ ബി ഉണ്ണികൃഷ്ണനാണ് തുക കൈമാറിയ വിവരം പങ്കുവെച്ചത്. ‘സീ യു സൂൺ എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം’- ബി ഉണ്ണികൃഷ്ണൻ കുറിക്കുന്നു.
ലോകമെമ്പാടുമുള്ള സിനിമാ വ്യവസായം കൊവിഡ് പ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ ഒരു അതിജീവന ശ്രമമായി ഒരു കോട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ചിത്രമാണ് സീ യു സൂൺ. പരിമിതമായ സൗകര്യങ്ങളിൽ വിവിധ ഇടങ്ങളിലിരുന്നാണ് ഫഹദും മഹേഷ് നാരായണനും ചിത്രം ഒരുക്കിയത്.
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരയാണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോഴാണ് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചത്. ഈ സാഹചര്യത്തിലാണ് ഫഹദും മഹേഷ് നാരായണനും പുതിയ ചിത്രത്തിലേക്ക് തിരിഞ്ഞത്. മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാത്രമല്ല, ക്യാമറകൾക്ക് പകരം ഐ ഫോണാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, മാല പാർവതി, തുടങ്ങി ചുരുക്കം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ ഓടിടി റിലീസ് ആണ് സീ യു സൂൺ. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും നസ്രിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Story highlights- Fahad Fazil and Mahesh narayanan hand over the profits of CU Zune to Fefka