ഹിമാചലി പാട്ട് പാടി ഹൃദയം കവർന്ന ദേവികയ്ക്ക് രാജ്ഭവനിലും സ്വീകരണം; പാട്ട് ആസ്വദിച്ച് ഗവർണറും കുടുംബവും

October 13, 2020

സോഷ്യല്‍ മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗായികയാണ് ആലാപന മാധുര്യം കൊണ്ട് ഹൃദയങ്ങൾ കവർന്ന ദേവിക. ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് പാട്ടുപാടി ഹൃദയം കവർന്ന തിരുവനന്തപുരം പട്ടം സ്വദേശി കൊച്ചുഗായികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ഉൾപ്പെടെ ഉള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കിയെ രാജ്ഭവനിൽ വിളിച്ചുവരുത്തി അഭിന്ദിച്ചിരിക്കുകയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിനന്ദനങ്ങൾക്കൊപ്പം ഉപഹാരങ്ങളും സമ്മാനിച്ച അദ്ദേഹവും കുടുംബവും ഈ കുഞ്ഞുമോളുടെ പാട്ടും ആസ്വദിച്ച ശേഷമാണ് ദേവികയെ തിരികെ അയച്ചത്.

ഹിമാചൽ പ്രദേശിലെ പ്രാദേശിക ശൈലിയിൽ ഉള്ള നാടൻ പാട്ട് പാടിയാണ് ദേവിക ഹൃദയങ്ങൾ കവർന്നത്..ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവികകുട്ടി ഈ ഗാനം ആലപിക്കുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ എന്ന സ്ഥലത്തെക്കുറിച്ചുള്ള പാട്ടാണ് ദേവിക ആലപിക്കുന്നത്. ആലാപന മാധുര്യം കൊണ്ട് ഹൃദയം കീഴടക്കിയ ദേവികയുടെ ഗാനം സോഷ്യൽ മീഡിയിൽ വൈറലായതോടെ ഇന്ത്യൻ പ്രധാന മന്ത്രി ഉൾപ്പെടെ ഉള്ളവർ ഈ കുട്ടി താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Read also:മലയിടുക്കിലെ കുത്തനെയുള്ള പാറക്കെട്ടിലൂടെ അനായാസം നടന്നുകയറി ഒരു മുത്തശ്ശി; വൈറൽ വീഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായ പാട്ടിന്റെ അർത്ഥം വ്യക്തമായില്ലെങ്കിലും ഈ കുഞ്ഞുമിടുക്കിയുടെ ശബ്ദ മാധുര്യത്തെയും ആലാപന ശുദ്ധിയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്. അതേസമയം ഹിമാചൽ പ്രദേശവാസികളും ദേവികയുടെ പാട്ടിനെ അഭിനന്ദിച്ച് കമന്റുകൾ അയച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.

Story Highlights: governor invites Devika singing traditioanl song