‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ്

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആമിർഖാന്റെ മകൻ ജുനൈദ്. കഴിഞ്ഞ മൂന്നു വർഷമായി നാടക രംഗത്ത് സജീവമാണ് ജുനൈദ് . ജർമ്മൻ നാടകകൃത്ത് ബെർട്ടോൾട്ട് ബ്രെക്റ്റിന്റെ നാടകമായ ‘മദർ കറേജ് ആന്റ് ചിൽഡ്രൻ’ എന്ന നാടകത്തിലൂടെ ക്വാസർ താക്കൂർ പദംസിയുടെ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ച ജുനൈദ്, മലയാള ചിത്രത്തിന്റെ റീമേക്കിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ലോസ് ഏഞ്ചൽസിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ പഠനം പൂർത്തിയാക്കിയ ജുനൈദ്, നായകനാകുന്നത് ഇഷ്‌ക് എന്ന മലയാള ചിത്രത്തിന്റെ റീമേക്കിലാണ്. ഷെയ്ൻ നിഗം നായകനായ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആയിരുന്നു. ബോളിവുഡിൽ നീരജ് പാണ്ഡെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന ജുനൈദിന്റെ സിനിമാ ഇഷ്ടങ്ങളെക്കുറിച്ച് ആമിർ ഖാൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയത്തിനോടും സംവിധാനത്തോടും ഒരുപോലെ ഇഷ്ടം കാത്തുസൂക്ഷിക്കുന്നയാളാണ് ജുനൈദ്. ആമിറിന്റെ മൂത്തമകനായ ജുനൈദ്, രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്ത ‘പി‌കെ’യിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ആമിർ ഖാൻ ആയിരുന്നു ‘ പി കെ’യിൽ നായകനായത്.

Read More: ഡൽഹിയിൽ തിയേറ്ററുകൾ തുറന്നു; പക്ഷേ സിനിമ കാണാനെത്തിയത് നാലുപേർ മാത്രം

ഷെയ്ൻ നിഗമും ആൻ ശീതളും അഭിനയിച്ച ചിത്രമാണ് ‘ഇഷ്‌ക്’. മലയാളത്തിൽ ഹിറ്റായ ‘ഇഷ്‌ക്’ തമിഴിലേക്കും റീമേക്കിന് തയ്യാറെടുക്കുകയാണ്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ‘ഇഷ്‌ക്’ തീയറ്ററുകളിലേക്കെത്തിയത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ‘ഇഷ്‌കി’ല്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights- junaid khan to make his Bollywood debut