‘ഹിമാലയത്തിലേക്കുള്ള ബൈക്ക് സവാരിക്കായി കാത്തിരിക്കുന്നു’- യാത്രാ പ്രണയം പങ്കുവെച്ച് മാളവിക മോഹനൻ
നടി മാളവിക മോഹനന്റെ ബൈക്ക് യാത്രാ പ്രണയം സിനിമാലോകത്ത് പ്രസിദ്ധമാണ്. സുഹൃത്തുക്കൾക്കൊപ്പം ലഡാക്കിലേക്കും ഹിമാലയത്തിലേക്കുമൊക്കെ ബൈക്ക് റൈഡ് നടത്താറുണ്ട് മാളവിക. കൊവിഡ് പ്രതിസന്ധി കാരണം, ആ യാത്രകൾ നഷ്‌ടമായ സങ്കടത്തിലാണ് മാളവിക.
അതേസമയം, എല്ലാ പ്രശ്നങ്ങളും നീങ്ങി കാര്യങ്ങൾ പഴയതുപോലെയാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ മാളവിക പറയുകയാണ്. ലഡാക്കിലേക്ക് നടത്തിയ ബൈക്ക് സവാരിയുടെ ചിത്രങ്ങളും മാളവിക പങ്കുവെച്ചിട്ടുണ്ട്.
‘ലഡാക്കിലെ അതിമനോഹരവും അതിശയകരവുമായ ലാൻഡ്സ്കേപ്പുകളിൽ സവാരി ചെയ്യുന്നതിന്റെ ഏറ്റവും ആവേശകരമായ നിമിഷങ്ങൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ബൈക്കിലൂടെ ചുറ്റിക്കറങ്ങാനുള്ള എന്റെ പ്രിയപ്പെട്ട സ്ഥലമായി ഹിമാലയം മാറി. കാർ ഒരു സുരക്ഷിതമായ തിരഞ്ഞെടുപ്പാണെങ്കിലും ബൈക്കിൽ മുഖത്തേക്ക് അടിക്കുന്ന കാറ്റും മഴയും ചിലപ്പോൾ ആലിപ്പഴവുമൊക്കെ അനുഭവിച്ച് യാത്ര നടത്തുന്നത് ഞാൻ അറിഞ്ഞിട്ടുള്ള ഏറ്റവും മനോഹരമായ അനുഭമാണ്. കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, കാരണം എനിക്ക് എന്റെ യാത്രകളിലേക്ക് അങ്ങനെയെങ്കിൽ മടങ്ങാൻ സാധിക്കും’. മാളവിക കുറിക്കുന്നു.
Read More: ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആമിർ ഖാന്റെ മകൻ ജുനൈദ്
അതേസമയം, പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ. മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുകയാണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. ഛായാഗ്രാഹകൻ കെ. യു. മോഹനന്റെ മകളായ മാളവിക, പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാളവിക മജീദ് മജീദിയുടെ ബീയോണ്ട് ദി ക്‌ളൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
Story highlights- malavika mohanan about bike rides