മാളവികക്ക് പിറന്നാൾ സർപ്രൈസ്; ‘മാസ്റ്ററി’ന്റെ പുതിയ പോസ്റ്റർ എത്തി

August 5, 2020

മലയാളി താരം മാളവിക മോഹനൻ നായികയാകുന്ന തമിഴ് ചിത്രമാണ് ‘മാസ്റ്റർ’. വിജയ് നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി. മാളവികയ്ക്ക് പിറന്നാൾ സമ്മാനമായാണ് ‘മാസ്റ്ററി’ന്റെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചത്. വിജയും മാളവികയുമാണ് പോസ്റ്ററിലുള്ളത്. ജന്മദിനാശംസകൾ നേർന്ന് പങ്കുവെച്ച പോസ്റ്റർ മാളവിക ഷെയർ ചെയ്തിട്ടുണ്ട്.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ‘മാസ്റ്ററി’ൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മാസ്റ്റർ’.

Read More: ന്യൂനമർദം ശക്തി പ്രാപിച്ചേക്കും; വിവിധ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം

മാളവിക മോഹനന് പുറമെ ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് ചിത്രീകരണം നടന്നത്. അനിരുദ്ധ് രവിചന്ദർ നിർമിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.

Story highlights-master movie new poster