മികച്ച നടനൊപ്പമുള്ള മൂന്ന് മണിക്കൂർ: സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായി മുരളി ഗോപി പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും

October 6, 2020

ഇഷ്ടതാരങ്ങളുടെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ചിത്രവും അതിന് നൽകിയ അടിക്കുറിപ്പും. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് മുരളി ഗോപി പങ്കുവെച്ചത്. മികച്ച നടനൊപ്പം ചിലവഴിച്ച മൂന്ന് മണിക്കൂർ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഇരുവരും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നവെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

ലൂസിഫറിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം മനസിലുണ്ടെന്നും അതിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി ആയിരിക്കുമെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു. അതിനാൽ പൃഥ്വിരാജ് ചിത്രത്തിലായിരിക്കുമോ മമ്മൂട്ടി അഭിനയിക്കുന്നത് എന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിന് പുറമെ മോഹൻലാൽ ചിത്രം എമ്പുരാനിൽ മമ്മൂട്ടി ഉണ്ടാകുമോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമാകുന്നുണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.

https://www.facebook.com/murali.gopy/photos/a.1424126924498112/2788754304702027/?type=3

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം വൺ ആണ്. ചിത്രത്തിൽ മുരളി ഗോപിയും വേഷമിടുന്നുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. പ്രതിപക്ഷ നേതാവായാണ് ചിത്രത്തിൽ മുരളി ഗോപി വേഷമിടുന്നത്. പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുണ്ട്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. നിരവധി പ്രമുഖതാരനിരകൾ അണിനിരക്കുന്ന ചിത്രം ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറാണ് നിർമിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി തുടങ്ങി വൻ താരനിരയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Story Highlights: murali gopy meets mammootty image goes viral