‘ഒരിക്കൽ കൂടി ആ കോളേജ് ദിനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു’- പൃഥ്വിരാജിന്റെ പിറന്നാൾ ആശംസയ്ക് ഹൃദ്യമായ മറുപടിയുമായി നരേൻ

മലയാള സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് നരേൻ. നായകനായും സഹനടനായുമെല്ലാം തിളങ്ങിയ നരേന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ, റോബിൻഹുഡ് തുടങ്ങിയ ചിത്രങ്ങളിൽ സുഹൃത്തുക്കളായി ഇരുവരും വേഷമിട്ടിരുന്നു. സ്ക്രീനിലും ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നരേനും പൃഥ്വിരാജും.
എട്ടുവർഷം മുൻപ് റിലീസ് ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു ചിത്രമാണ് നരേന് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഡോ. രവി തരകൻ, ഡോ. വിവേക് എന്നീ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും നരേനും ചിത്രത്തിൽ അവതരിപ്പിച്ചത്. വെളുത്ത ലാബ് കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പുമായി നിൽക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന് കമന്റുമായി നരേനുമെത്തി. ‘നന്ദി, പൃഥ്വി.. ഒരിക്കൽ കൂടി ആ കോളേജ് ദിനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. വീണ്ടും കാണാം’- നരേൻ കുറിക്കുന്നു. ഛായാഗ്രഹണ സഹായിയായി സിനിമയിലെത്തിയ താരമാണ് നരേൻ.
അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നരേൻ തമിഴിലാണ് കൂടുതൽ തിളങ്ങിയത്. തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ യഥാർത്ഥ പേരായ സുനിൽ മാറ്റി നരേനിലേക്ക് ചേക്കേറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ നരേന്റെ താരമൂല്യം ഉയർത്തി.
Read More: ‘രാധേ ശ്യാം’ ചിത്രത്തിൽ പ്രഭാസിന്റെ നായിക പൂജ ഹെഗ്ഡെ; ഇറ്റലിയിൽ ചിത്രീകരണം പുനഃരാരംഭിച്ചു
പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ. ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്. ക്ലാസ്സ്മേറ്റ്സിൽ പൃഥ്വിരാജ് കഥാപാത്രമായ സുകുമാരന്റെ സുഹൃത്ത് മുരളിയായാണ് നരേൻ വേഷമിട്ടത്. റോബിൻഹുഡിലും ഒരേ പ്രാധാന്യമുള്ള വേഷങ്ങളാണ് പൃഥ്വിരാജും നരേനും അവതരിപ്പിച്ചത്.
Story highlights- prithviraj sukumaran sharing rare photo with narain