നൃത്തവും, പാട്ടുമല്ല; നവരാത്രി മാഹാത്മ്യം പങ്കുവയ്ക്കാൻ വൈവിധ്യമാർന്ന മാർഗവുമായി ശോഭന- വീഡിയോ

October 22, 2020

മലയാള സിനിമയിലെ എക്കാലത്തെയും അനുഗ്രഹീത താരമാണ് ശോഭന. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ ശോഭന ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഇടവേളകളിൽ മാത്രം സിനിമയിലേക്ക് മടങ്ങിയെത്തുന്ന താരം ഏറ്റവുമൊടുവിൽ വേഷമിട്ടത് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നൃത്തവും, വ്യക്തിപരമായ സന്തോഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുള്ള ശോഭന അതിമനോഹരമായ മറ്റൊരു കഴിവ് കൂടി തനിക്കുണ്ടെന്ന് തെളിയിക്കുകയാണ്.

ഒരു നർത്തകിയെ സംബന്ധിച്ചിടത്തോളം നൃത്തഭാവങ്ങളിൽ നിറയുന്ന സമയമാണ് നവരാത്രി. എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഡിജിറ്റൽ ആഘോഷങ്ങൾക്കാണ് കലാകാരൻമാർ മുൻ‌തൂക്കം നൽകുന്നത്. നടി ദിവ്യ ഉണ്ണി നവരാത്രി ദിനങ്ങളിൽ യൂട്യൂബ് ചാനലിലൂടെ നൃത്തം പങ്കുവയ്ക്കുമ്പോൾ ശോഭന വേറിട്ട പാതയിലാണ്. പത്തുദിവസവും ദേവി മാഹാത്മ്യ കഥകൾ ദൃശ്യഭംഗിയോടെ അവതരിപ്പിക്കുകയാണ് നടി. ഓരോ ദിവസവും ഓരോ കഥകൾ. ശോഭനയുടെ ആദ്യ കഥകൾ തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ലോക്ക് ഡൗൺ സമയത്താണ് ശോഭന സമൂഹമാധ്യമങ്ങളിൽ സജീവമായത്. അഭിമുഖങ്ങളിൽ പോലും അങ്ങനെ പങ്കെടുക്കാത്ത ശോഭന ആരാധകരുമായി ധാരാളം വിശേഷങ്ങൾ ലോക്ക് ഡൗൺ സമയത്ത് പങ്കുവെച്ചു. നൃത്ത പരിശീലനത്തിന്റെയും യാത്രകളുടെ പഴയ ഓർമ്മകളും നൃത്ത പരിപാടികളുടേയുമെല്ലാം ചിത്രങ്ങളും വീഡിയോകളും ശോഭന ആരാധാകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read More: ‘പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ ഞങ്ങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു’- ഹൃദ്യമായൊരു പിറന്നാൾ കുറിപ്പ്

തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ മരുമകളായ ശോഭന അവരുടെ പാത പിന്തുടർന്ന് നൃത്തത്തിലേക്കും അഭിനയത്തിലേക്കുമാണ് എത്തിയത്. ചിത്ര വിശ്വേശ്വരൻ, പത്മ സുബ്രഹ്മണ്യം എന്നിവരുടെ കീഴിൽ പരിശീലനം നേടിയ ശോഭന ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

Story highlights- shobhana navarathri special video