‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓസ്കാർ ആണ്’ -വാസന്തി ടീമിനൊപ്പം അവാർഡ് തിളക്കം ആഘോഷിച്ച് സ്വാസിക

October 28, 2020

വാസന്തി എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സന്തോഷത്തിലാണ് സ്വാസിക വിജയ്. പത്തുവർഷമായി വെള്ളിത്തിരയിൽ ഉണ്ടായിരുന്നിട്ടും വൈകിവന്ന അംഗീകാരം നെഞ്ചോട് ചേർക്കുകയാണ് സ്വാസിക. സ്വാസികയുടെ കരിയറിലെ ആദ്യ മുഴുനീള ചിത്രവും വേറിട്ട കഥാപാത്രവുമായിരുന്നു വാസന്തിയിലേത്. ഇപ്പോഴിതാ, വാസന്തി ടീമിനൊപ്പം വിജയം ആഘോഷിക്കുകയാണ് സ്വാസിക. മികച്ച ചിത്രവും വാസന്തിയായിരുന്നു.

കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ചിത്രമാണ് സ്വാസിക പങ്കുവെച്ചത്. ‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഓസ്കാർ ആണ്’ എന്നാണ് സ്വാസിക കുറിക്കുന്നത്. സ്വപ്നത്തിൽ നിന്നും വളരെ ദൂരെയുള്ള പുരസ്‌കാരം കഠിനാധ്വാനവും അർപ്പണബോധവും അഭിനിവേശവുമുള്ള ആളുകളുടെ പരിശ്രമ ഫലമായാണ് നടി കാണുന്നത്.

Read More: ‘സൂരരൈ പോട്രി’ന് പിന്നാലെ പുതിയ ചിത്രവുമായി സുധ കൊങ്ങര; നായകനായി അജിത്

ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സിജു വിൽസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. കേന്ദ്രകഥാപാത്രമായ വാസന്തിയെ സ്വാസിക അവതരിപ്പിക്കുമ്പോൾ സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ, എനിവർക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

സിനിമയിലാണ് തുടക്കമെങ്കിലും സ്വാസിക ജനപ്രിയയായത് സീരിയലിലൂടെയാണ്. അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്‍റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ്, വാസന്തി തുടങ്ങി നിരവധി സിനിമകളിൽ ഇതിനകം അഭനയിച്ചിട്ടുണ്ട് സാസിക. ഒരുത്തീ, കേശു ഈ വീടിന്‍റെ നാഥൻ തുടങ്ങി നിരവധി സിനിമകളാണ് സ്വാസിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനായുള്ളത്.

Story highlights- swasika vijay with vasanthi team