‘മനം പോലെ മംഗല്യം’; ഇനി സ്വാസികയും പ്രേമും ഒന്നിച്ച്!

January 24, 2024

നടിയും അവതാരകയും നർത്തകിയുമായ നടി സ്വാസിക വിവാഹിതയായി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്വാസിക തൻ്റെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. (Actress Swasika got married to Prem Jacob)

ബീച്ച് സൈഡിൽ വെച്ചുള്ള വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി സിനിമ സീരിയൽ മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു. സീരിയല്‍ ചിത്രീകരണ വേളയിലാണ് സ്വാസികയും പ്രേമും പ്രണയത്തിലാകുന്നത്. സീരിയല്‍ സെറ്റില്‍ വച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നും പ്രേമിന്റെ വോയിസ് ഭയങ്കര ഇഷ്ടമാണെന്നും സ്വാസിക പറഞ്ഞു. താൻ മനസില്‍ സങ്കല്‍പിച്ചിരുന്ന ഒരു മാന്‍ലി വോയ്‌സാണ് പ്രേമിനുള്ളതെന്നും ഒരു റൊമാന്റിക് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ സ്വാസിക തന്നെയാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും നടി തുറന്ന് പറഞ്ഞിരുന്നു.

Read also: ‘ഞങ്ങൾ കണ്ടുമുട്ടിയത് സീരിയൽ സെറ്റില്‍, പ്രൊപ്പോസ് ചെയ്തത് ഞാൻ’; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് സ്വാസിക

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. ‘വൈഗ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ സ്വാസികയുടെ അരങ്ങേറ്റം. ‘ഫിഡിൽ’ ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്ത ‘സീത’ എന്ന സീരിയലിലൂടെ താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയായി മാറി.

‘പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, അയാളും ഞാനും തമ്മിൽ, ചതുരം എന്നിവ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ചിലതാണ്. ‘വാസന്തി’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വാസികയെ തേടിയെത്തി. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Story highlights: Actress Swasika got married to Prem Jacob