ബിഗ്ബജറ്റിൽ ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ഒരുങ്ങുന്നു; ചിത്രീകരണം ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ

ലോക്ക് ഡൗൺ നിശ്ചലമാക്കിയ മലയാള സിനിമ മേഖല വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെയാണ് സിനിമ ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മേപ്പടിയാൻ എന്ന സിനിമയും ചിത്രീകരണം ആരംഭിക്കുകയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

നേരത്തെ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമ കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. നാളെ മുതൽ സിനിമ ചിത്രീകരണം ആരംഭിക്കുന്ന വിവരം ഉണ്ണി മുകുന്ദൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ചു കുര്യനാണ്. അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

Read also:ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായി സായി പല്ലവി; ചിരിയുണർത്തി ലൊക്കേഷൻ കാഴ്ചകൾ

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. ഇരുവരും ഒന്നിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ സിനിമ കൊവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021-ലാണ് ചിത്രീകരണം ആരംഭിക്കുന്നത്. 

https://www.facebook.com/IamUnniMukundan/posts/3558966874179030

Story Highlights: Unni mukundan movie Meppadiyan