ലോക്ക് ഡൗണിന് ശേഷം ആരാധകരെ കാണാൻ നേരിട്ടെത്തി ഇളയദളപതി; പ്രിയതാരത്തിന്റെ സ്നേഹത്തിന് കയ്യടിച്ച് ആരാധകർ

ആരാധകരോട് എന്നും അടുപ്പം പുലർത്തുന്ന നടനാണ് വിജയ്. തുടർച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമായാണ് വിജയ് കൂടുതൽ ജനപ്രിയനായത്. സമൂഹമാധ്യമങ്ങളിൽ വിജയ്ക്ക് എപ്പോഴും ആരാധകരുടെ പിന്തുണ ലഭിക്കാറുണ്ട്. ഏറ്റവുമൊടുവിൽ എസ് പി ബാലസുബ്രമണ്യത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് വിജയ്യെ ആരാധകർ കണ്ടത്. ഇപ്പോഴിതാ, ആരാധകരെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ് വിജയ്.
തന്റെ ഫാൻസ് ക്ലബ് എക്സിക്യൂട്ടീവുകളെ ചെന്നൈ പനയൂരിലുള്ള വീട്ടിൽ വെച്ചാണ് വിജയ് കണ്ടത്. ഭാവിയിൽ വിജയ്യുടെ ഫാൻ ക്ലബ് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖർ കുറച്ചുനാൾ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ വിജയ് ആരാധകരുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചാണെന്നാണ് സൂചന. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വിജയ് ഇതുവരെ പൊതുവേദിയിൽ പങ്കുവെച്ചിട്ടില്ല.
അതേസമയം, വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘മാസ്റ്റർ’. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. കൊവിഡ് പ്രതിസന്ധി കാരണം നേരിടുന്ന റീലീസ് കാലതാമസത്തെക്കുറിച്ച് ആരാധകർ നിരാശരാണെങ്കിലും, തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ്.അടുത്തിടെ ‘മാസ്റ്റർ’ തിയേറ്റർ റിലീസ് തന്നെയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കിയിരുന്നു.
വിജയ് സേതുപതി, ആൻഡ്രിയ ജെർമിയ, മാളവിക മോഹനൻ, ശന്തനു, അർജുൻ ദാസ്, എന്നിവരും ‘മാസ്റ്ററി’ൽ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
Story highlights- വിജയ്