പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് വിഘ്‌നേഷ് ശിവന്റെ സമ്മാനം; ‘നെട്രികൺ’ ടീസർ എത്തി

November 18, 2020

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ ചിത്രങ്ങളുടെ പോസ്റ്ററും ചിത്രങ്ങളും എത്തി. നിഴൽ ടീം പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ പങ്കുവെച്ചപ്പോൾ നെട്രികൺ ടീം ടീസറാണ് പുറത്തുവിട്ടത്. നയൻതാരയുടെ ഭാവിവരൻ വിഘ്‌നേഷ് ശിവൻ നിർമിക്കുന്ന നെട്രികൺ അന്ധയായ യുവതിയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ‘നെട്രികൺ’ നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് തന്നെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിനായി ഗിരീഷ് സംഗീതവും, കാർത്തിക് ഗണേഷ് ജി ഛായാഗ്രഹണവും, ലോറൻസ് കിഷോർ എഡിറ്റിംഗും നിർവഹിക്കുന്നു. മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ അഞ്ചാം വാർഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഇതേപേരിൽ 1981ൽ രജനികാന്ത് നായകനായ ചിത്രം റിലീസ് ചെയ്തിരുന്നു.

Read More: മനോഹര നൃത്ത ചുവടുകളുമായി നടൻ വിജിലേഷിന്റെ വധു- ശ്രദ്ധനേടി വിവാഹനിശ്ചയ വീഡിയോ

അതേസമയം, ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം മലയാളത്തിൽ അടുത്ത ചിത്രത്തിനായുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് നയൻതാര. കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര വേഷമിടുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ.

Story Highlights- netrikann teaser