മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ നവംബർ പകുതിയോടെ ചിത്രീകരണം പുനഃരാരംഭിക്കും

മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിൻ സെൽവൻ’ നവംബർ പകുതിയോടെ ചിത്രീകരണം പുനഃരാരംഭിക്കും. കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. വമ്പൻ താരനിരയിലൊരുങ്ങുന്ന ചിത്രം ഹൈദരാബാദിലാണ് ചിത്രീകരണം പുനഃരാരംഭിക്കാൻ തയ്യാറെടുക്കുന്നത്.
ഹൈദരാബാദിലെ ഷൂട്ടിംഗ് പൂർത്തിയായാൽ അടുത്ത ലൊക്കേഷനായ മധ്യപ്രദേശിലേക്ക് സംഘം യാത്ര തിരിക്കും. ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ച് ഇത്രയധികം താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമ ചിത്രീകരിക്കുന്നത് മണിരത്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അതുകൊണ്ടുതന്നെ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി ഒരുക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ആദ്യ ഭാഗം ലൈക്ക പ്രൊഡക്ഷനുമായിചേർന്ന് മദ്രാസ് ടോക്കീസ് നിർമ്മിക്കുന്നു. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം രവിവർമാനാണ്.
ചിത്രത്തില്‍ അമിതാഭ് ബച്ചൻ, കീർത്തി സുരേഷ്, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം, പാർത്ഥിപൻ, സത്യരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Read More: ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല; അതിജീവനത്തിന്റെ കഥ പറഞ്ഞ് ഉമോജ ഗ്രാമം
അതേസമയം ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിങ്ങനെ മൂന്നു ഐശ്വര്യമാർ ഒന്നിക്കുകയാണ് ഈ ചിത്രത്തിൽ. ‘ഇരുവർ’, ‘ഗുരു’, ‘രാവൺ’ എന്നീ മൂന്നു ചിത്രങ്ങളിൽ ഐശ്വര്യ മണിരത്നത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ‘ചെക്കാ ചിവന്ത വാനം’ എന്ന മണിരത്നം ചിത്രത്തിൽ ഐശ്വര്യ രാജേഷും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. എന്നാൽ ഐശ്വര്യ ലക്ഷ്മിയെ സംബന്ധിച്ച് ഇത് വലിയ ഒരു അവസരം തന്നെയാണ്. മണിരത്നം ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്നതിന് പുറമെ വമ്പൻ താരനിരക്കൊപ്പമാണ് നടി എത്തുന്നത്.
Story highlights- ‘Ponniyin Selvan’ shooting to resume by mid-November