‘ഒന്നും പറയാനില്ല, ഹൃദയം വേദനിക്കുന്നു’- അനിൽ നെടുമങ്ങാടിന് ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം
അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്ത് നൊമ്പരമാകുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗിനിടെ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു. 2014ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അനിൽ നെടുമങ്ങാട് കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. മരണമടഞ്ഞ സുഹൃത്തിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് സിനിമാലോകം.
‘ഒന്നുമില്ല, എനിക്ക് ഒന്നും പറയാനാകുന്നില്ല’ എന്നാണ് നടൻ പൃഥ്വിരാജ് പ്രതികരിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ശ്രദ്ധേയ വേഷത്തിലാണ് അനിൽ നെടുമങ്ങാട് അഭിനയിച്ചത്. ‘ഈ വാർത്ത കേട്ട് തികച്ചും തകർന്നുപോയി.രണ്ടുദിവസം മുൻപ് അദ്ദേഹത്തോടൊപ്പം ഷൂട്ടിങിലായിരുന്നു. ഇന്ന് ഞാൻ ഇത് കേൾക്കുന്നു ..വിശ്വസിക്കാൻ കഴിയുന്നില്ല! ഈ അവസ്ഥയിലൂടെ സഞ്ചരിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ.’- ഇന്ദ്രജിത്തിന്റെ വാക്കുകൾ.
അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ ദിലീപും പ്രതികരിച്ചു. ‘ഒപ്പം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല പക്ഷേ അനിൽ എന്ന ഈ ചെറുപ്പക്കാരനെ അദ്ദേഹം ചെയ്ത ഒരു പിടി മികച്ച വേഷങ്ങളിലൂടെ അടുത്ത് അറിഞ്ഞതാണ്, ഈ വിയോഗവാർത്ത സത്യത്തിൽ ഞെട്ടിച്ചു കളഞ്ഞു, പരേതാത്മാവിന് നിത്യ ശാന്തി നേരുന്നു’.
മമ്മൂട്ടിയും മോഹൻലാലും അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു. ‘ഹൃദയം വേദനിക്കുന്നു. ഇത് ഉൾകൊള്ളാൻ കഴിയുന്നില്ല. RIP അനിൽ ഏട്ടാ. നിങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥനയും ശക്തിയും’.- ദുൽഖർ സൽമാൻ കുറിക്കുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം വില്ലൻ വേഷത്തിലാണ് അനിൽ നെടുമങ്ങാട് അഭിനയിച്ചത്.
1972 മെയ് 30 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് അദ്ധ്യാപകനായിരുന്ന പീതാംബരൻ നായരുടെയും ഇലക്ട്രിസിറ്റി ബോഡ് ഉദ്യോഗസ്ഥയായിരുന്ന ഓമനക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അനിൽ നെടുമങ്ങാട് അവതാരകനും നാടക അഭിനേതാവും ചാനലുകളിൽ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്നു.
Story highlights- actors about anil nedumangad