‘ഏഴു വർഷത്തിനുശേഷം ഗീത പ്രഭാകർ ഐപിഎസ് തിരിച്ചെത്തുമ്പോൾ’- ആവേശത്തോടെ ആശ ശരത്ത്
എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ദൃശ്യം 2. 2013ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ഏഴുവർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുമ്പോൾ താരങ്ങളിലും വലിയ വ്യത്യാസമില്ല. അതേ കഥാപത്രങ്ങളിലൂടെ, വ്യത്യസ്ത സാഹചര്യം അവതരിപ്പിക്കുന്ന ആവേശത്തിലാണ് താരങ്ങൾ.
ഇപ്പോഴിതാ, ഏഴു വർഷങ്ങൾക്ക് ശേഷം ഐ ജി ഗീത പ്രഭാകറായി എത്തുന്ന ആവേശം പങ്കുവയ്ക്കുകയാണ് നടി ആശ ശരത്ത്. ആദ്യ ഭാഗത്ത് ജോർജുകുട്ടിയും , ഗീത പ്രഭാകറും തമ്മിലുള്ള നിർണായക നിമിഷങ്ങളാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ രണ്ടാം ഭാഗത്തിൽ ദൃശ്യം 2 ഒരു സാധാരണ കുടുംബ ചിത്രമാണ് എന്നാണ് ജീത്തു ജോസഫ് അറിയിച്ചിരിക്കുന്നത്.
‘ദൃശ്യത്തിന് പിന്നിലുള്ള ആളിനൊപ്പം.. ഏഴു വർഷത്തിനുശേഷം ഗീത പ്രഭാകർ ഐപിഎസ് തിരിച്ചെത്തുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ് !!’- ജീത്തുവിനൊപ്പമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശ ശരത്ത് ആവേശം അറിയിക്കുന്നത്.
മലയാള സിനിമയിൽ ചരിത്രം രചിച്ച ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആശിർവാദ്സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു കർഷകനായി എത്തിയ ഈ ചിത്രത്തിൽ മീനയാണ് നായികാ വേഷത്തിൽ എത്തിയത്. മലയാള സിനിമയിൽ ആദ്യമായി അമ്പതു കോടി നേടിയ ചിത്രം കൂടിയാണ് ദൃശ്യം.
2013 ഡിസംബർ 19നായിരുന്നു മലയാളികളിലേക്ക് വേറിട്ടൊരു പ്രമേയവുമായി ദൃശ്യം എത്തിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. അതേസമയം, രണ്ടാം ഭാഗത്തിന്റെ ടീസർ പുതുവത്സര ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്.
Read More: ‘പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം’- ‘ദൃശ്യം 2’ ആവേശം പങ്കുവെച്ച് മോഹൻലാൽ
അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു.
Story highlights- asha sharath about drishyam 2