‘എന്റെ മക്കൾക്ക് എത്ര വയസ്സായാലും അവർ എന്നും എന്റെ കൊച്ചു കുഞ്ഞായിരിക്കും..’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ആശ ശരത്ത്

March 17, 2023

മലയാളികളുടെ പ്രിയനായികയാണ് ആശ ശരത്ത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. സൗന്ദര്യ മത്സരത്തിൽ മകൾ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷവും മകളുടെ വിവാഹ നിശ്ചയ വിശേഷങ്ങളുമെല്ലാം ആശ ശരത്ത് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മകൾ വിവാഹിതയാകുകയാണ്. ഉത്തരയ്‌ക്കൊപ്പമുള്ള രസകരമായ ഒരു വിഡിയോ ആശ ശരത്ത് പങ്കുവയ്ക്കുകയാണ്.

‘എന്റെ മക്കൾക്ക് എത്ര വയസ്സായാലും അവർ എന്നും എന്റെ കൊച്ചു കുഞ്ഞായിരിക്കും’ എന്നുപറഞ്ഞുകൊണ്ടാണ് ആശ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു നൃത്ത പരിപാടിയുടെ അണിയറയിൽ നിന്നുള്ള വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ മകൾ ഉത്തര ബിരുദാനന്തര ബിരുദം നേടിയ വിശേഷം അടുത്തിടെ ആശ പങ്കുവെച്ചിരുന്നു.

Read Also: ഓസ്കാർ തിളക്കത്തിൽ ഇന്ത്യ; ആർആർആർ-നും ദ എലഫന്റ് വിസ്‌പറേഴ്‌സിനും പുരസ്‌കാരം

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു. ശക്തമായ കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ ഖെദ്ദ എന്ന സിനിമയിൽ ആശ ശരത്തിനൊപ്പം മകൾ ഉത്തര വേഷമിട്ടിരുന്നു.

Story highlights- asha sharath shares video with uthara