2020: മലയാള സിനിമയ്ക്ക് നഷ്‌ടമായ പ്രതിഭകൾ
ലോകസിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വർഷമായിരുന്നു 2020. ആഘോഷപൂർവം വരവേറ്റ പുതുവർഷം അധികം വൈകാതെ തന്നെ ലോകം ഇന്നുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധികളിലൂടെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് വഴിമാറി. എല്ലാ മേഖലകളും നിശ്ചലമായി. സിനിമ മേഖല കടുത്ത പ്രതിസന്ധിയിലുമായി. കൊവിഡ് കാലത്ത് ഒട്ടേറെ പ്രതിഭകളെ സിനിമാലോകത്തിന് നഷ്ടമായി. മലയാള സിനിമയിൽ നിന്നും വിടപറഞ്ഞ പപ്രഗത്ഭരിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
സച്ചി
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കുമ്പോഴാണ് മരണമടഞ്ഞത്. ജൂൺ 18നായിരുന്നു അദ്ദേഹം വിടപറഞ്ഞത്. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. രാമലീലയും ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെടെ പന്ത്രണ്ട് തിരക്കഥകള്‍ എഴുതി. 2007 ല്‍ ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത് അഭിഭാഷക ജോലി ഉപേക്ഷിച്ചായിരുന്നു. സച്ചിയോടുള്ള സൗഹൃദത്തിന്റെയും ആദരവിന്റെയും ഭാഗമായി അദ്ദേഹത്തിന്റെ പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്.അയ്യപ്പനും കോശിയും സിനിമയുടെ വിജയാഘോഷം അവസാനിക്കും മുൻപായിരുന്നു സച്ചിയുടെ വേർപാട്.
ശശി കലിംഗ
പ്രത്യേക രൂപ ഭാവങ്ങളും അഭിനയ വൈഭവവും കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ശശി കലിംഗ നാടക വേദിയിലാണ് തുടക്കം കുറിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച ശശി, 1998ൽ പുറത്തിറങ്ങിയ “തകരച്ചെണ്ട”യിലൂടെയായിരുന്നു സിനിമാ ലോകത്തേക്ക് എത്തിയത്. തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകങ്ങളിലേക്ക് തിരിച്ചു പോയ ശശി പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മടങ്ങിയെത്തിയത്. 2020 ഏപ്രിൽ 7നായിരുന്നു ശശി കലിംഗ വിടപറഞ്ഞത്.
രവി വള്ളത്തോൾ
സിനിമയിലും സീരിയലിലും സൗമ്യ മുഖഭാവങ്ങളോടെ സജീവമായ രവി വള്ളത്തോളിന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. ദൂരദർശനിലെ വൈതരണി എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. പിന്നീട് നിരവധി പാരമ്പരകളിലും സിനിമകളിലും വേഷമിട്ടു. ഗാനരചയിതാവായാണ് സിനിമാ രംഗത്തു തുടക്കം കുറിക്കുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാൾ എന്ന ചിത്രത്തിലെ ഗായകന്റെ വേഷത്തിലായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പ്രമേഹത്തെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്ന് വിട്ടുകയായിരുന്നു രവി വള്ളത്തോൾ. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2020 ഏപ്രിൽ 25ന് മരണമടഞ്ഞു.
അർജുനൻ മാസ്റ്റർ
സംഗീതസംവിധായകനായിരുന്ന എം.കെ. അർജുനൻ അറിയപ്പെട്ടിരുന്നത് അർജുനൻ മാസ്റ്റർ എന്ന പേരിലായിരുന്നു. നിരവധി നാടകങ്ങളിലും, സിനിമകളിലും, ആൽബത്തിലും സംഗീത സംവിധായകനായി പ്രവർത്തിച്ച അർജുനൻ മാസ്റ്റർ എൺപത്തിനാലാമത്തെ വയസ്സിൽ 2020 ഏപ്രിൽ ആറിനായിരുന്നു പള്ളുരുത്തിയിലെ വീട്ടിൽവെച്ച് അന്തരിച്ചത്. നാടകരംഗത്തു പ്രവർത്തിക്കുന്ന സമയത്ത് ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയിലേക്ക് വഴിയൊരുക്കിയത്. ഹൃദയം തൊടുന്ന ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.
അനിൽ നെടുമങ്ങാട്
2020ലെ ക്രിസ്മസ് ദിനത്തിലാണ് നടൻ അനിൽ നെടുമങ്ങാട് മരണമടഞ്ഞത്. ഷൂട്ടിംഗ് ലൊക്കേഷനിൽ മുങ്ങിമരിക്കുകയായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍ട്രോ തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2014ൽ ആരംഭിച്ച സിനിമ ജീവിതത്തിലൂടെ ശ്രദ്ധേയ വേഷങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.
ഷാനവാസ് നരണിപ്പുഴ
ചലച്ചിത്ര സംവിധായകനും എഡിറ്ററുമായ നരണിപ്പുഴ ഷാനവാസ് പുതിയ ചിത്രങ്ങളുടെ ചർച്ചകളിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ഡിസംബര്‍ 23നായിരുന്നു മരണം സംഭവിച്ചത്. 2015ല്‍ പുറത്തിറങ്ങിയ ‘കരി’ യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആദ്യ സിനിമയ്ക്ക്ശേഷം 2020ല്‍ സൂഫിയും സുജാതയും എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസായ ചിത്രത്തില്‍ ജയസൂര്യ, ബോളിവുഡ് താരം അദിതി റാവു ഹൈദരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതിയ സിനിമയുടെ തിരക്കഥ ഒരുക്കുന്നതിനായി അട്ടപ്പാടിയിലായിരുന്നു ഷാനവാസ്. അവിടെവെച്ച് ഹൃദയാഘാതം സംഭവിച്ചത്.
Story highlights- celebrities we lost in 2020