അഞ്ചിന്റെ മൊഞ്ചിൽ ‘ഉപ്പും മുളകും’ പരമ്പര ജൈത്രയാത്ര തുടരുന്നു
മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം തുടരുന്ന ‘ഉപ്പും മുളകും’. മികച്ച പിന്തുണയോടെ ലോക ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ഉപ്പും മുളകും കുടുംബം എത്തിയിട്ട് അഞ്ചുവർഷമായി തികയുകയാണ്. 2015 ഡിസംബർ 12നാണ് പ്രേക്ഷകരിലേക്ക് ആദ്യമായി ഉപ്പും മുളകും പ്രൊമോ എത്തിയത്. അന്നും ഇന്നും ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും.
2015 ഡിസംബർ പതിനാലിനാണ് ഉപ്പും മുളകും ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തിയത്. പിന്നീട് പാറമട വീടും, ബാലുവും നീലുവും കുട്ടികളുമെല്ലാം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറി. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. പുരുഷ പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ ഉപ്പും മുളകിനും സാധിച്ചു. ടെലിവിഷനിൽ കാണുന്നതിനേക്കാൾ യൂട്യൂബിലാണ് ഉപ്പും മുളകിനും പ്രേക്ഷകർ കൂടുതൽ.
എന്തുകൊണ്ട് ഉപ്പും മുളകും എതിരില്ലാതെ മുന്നേറുന്നു എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു. അധികം നാടകീയത ഇല്ലാതെ, നിത്യ ജീവിതത്തിലെ സംഭവങ്ങളെ അതേപടി അവതരിപ്പിക്കുന്നു എന്നതാണ് ഉപ്പും മുളകിന്റെയും മേന്മ. ആഡംബര കാഴ്ചകളോ, ഏറ്റുമുട്ടലുകളോ ഈ പരമ്പരയിൽ കാണാൻ സാധിക്കില്ല. ഒരു സാധാരണ കുടുംബത്തിലെ നിമിഷങ്ങളും, പിണക്കങ്ങളും ഇണക്കങ്ങളും, കഷ്ടപ്പാടുകളും, കണ്ണുനീരുമൊക്കെയാണ് ഈ ഹാസ്യ പരമ്പരയുടെ നെടുംതൂണ്.
ഉപ്പും മുളകിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിടുന്നത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമാണ് വേഷമിടുന്നത്. പാറുക്കുട്ടിയുടെ വരവോടെ ഉപ്പും മുളകിനും കൂടുതൽ ആരാധകരുമായി.ജനിച്ച് ആറു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.
2016ൽ ഉപ്പും മുളകിന് സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്കാരം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യ നടിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു. പ്രളയക്കെടുതിയുടെ സമയത്ത് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായി ഒരു എപ്പിസോഡ് ഉപ്പും മുളകും മാറ്റിവച്ചിരുന്നു. ഇതിന് കേരള മുഖ്യമന്ത്രിയുടെ അഭിനന്ദനവും പ്രിയ പരമ്പര സ്വന്തമാക്കി. കൊവിഡ് കാലത്തും ഈ സാമൂഹിക പ്രതിബദ്ധത ഉപ്പും മുളകിൽ കാണാൻ സാധിച്ചു.
അതേസമയം, അഞ്ചാം വാർഷിക ദിനമായ ഡിസംബർ പതിനാലിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കാരണം,എന്താണ് ഈ ദിനത്തിൽ പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയാണ് ഇതിന് പിന്നിൽ. എന്തായാലും ശൂലംകൂടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയും പടവലം ഭാര്യ നീലുവും, മക്കളായ മുടിയനും ശിവാനിയും കേശുവും പാറുവുമെല്ലാം ജനഹൃദയങ്ങളിൽ ജൈത്രയാത്ര തുടരുകയാണ്.
Story highlights- five years of uppum mulakum