‘നിങ്ങൾക്ക് എന്നെക്കുറിച്ച് അഭിമാനിക്കാൻ ഒരു ദിവസം സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അഭിനയ ജീവിതത്തിന്റെ മൂന്നാം വാർഷിക നിറവിൽ കല്യാണി പ്രിയദർശൻ

December 22, 2020

മലയാളികളുടെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി അഭിനയലോകത്ത് സജീവമാണ്. 2013ലാണ് സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും 2017ലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. തെലുങ്ക് ചിത്രമായ ഹലോയിൽ അഖിൽ അക്കിനേനിയുടെ നായികയായി കല്യാണി അരങ്ങേറ്റം കുറിച്ചിട്ട് മൂന്നുവർഷങ്ങൾ പൂർത്തിയാക്കുകയാണ്.

ഇപ്പോഴിതാ, മൂന്നാം വാർഷികത്തിൽ അമ്പരപ്പോടെയല്ലാതെ ആരാധകർ നൽകിയ സ്നേഹത്തെക്കുറിച്ച് കല്യാണിക്ക് ഓർമിക്കുവാൻ സാധിക്കുന്നില്ല. ‘സത്യം പറഞ്ഞാൽ ഇത്രയധികം സ്നേഹം ലഭിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ല… എന്നാൽ നിങ്ങൾക്ക് എന്നെക്കുറിച്ച് അഭിമാനിക്കാൻ ഒരു ദിവസം സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ..’ – കല്യാണി കുറിക്കുന്നു.

കല്യാണി തന്റെ കരിയർ ആരംഭിച്ചത് പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലിന്റെ അസിസ്റ്റന്റായിട്ടാണ്. 2013 ൽ പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ അഭിനയിച്ച ബോളിവുഡ് ചിത്രം ‘ക്രിഷ് 3’യിലൂടെയാണ് നടി സിനിമാ ലോകത്തേക്ക് എത്തിയത്.

കുറച്ച് വർഷങ്ങൾ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിന് ശേഷം കല്യാണി അഭിനയത്തിലേക്ക് ചുവടുമാറ്റി. തെലുങ്കിലെ രണ്ട് സിനിമകൾക്ക് ശേഷം ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെയാണ് കല്യാണി തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

Read More: ‘സന്തോഷകരമായ 9 വർഷങ്ങൾ..നമ്മൾ ഒരു ദശകത്തിലേക്ക് അടുക്കുകയാണ്’- വിവാഹ വാർഷികം ആഘോഷിച്ച് ദുൽഖർ സൽമാൻ

വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, ഉർവശി, കെ പി‌ എ സി ലളിത, ദുൽഖർ സൽമാൻ മുതലായവരാണ് കല്യാണിക്കൊപ്പം വേഷമിട്ടത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹൃദയ’ത്തിലാണ് കല്യാണി പ്രിയദർശൻ അടുത്തതായി അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലാണ് നായകൻ. അച്ഛൻ പ്രിയദർശന്റെ വരാനിരിക്കുന്ന ചിത്രമായ ‘മരക്കാർ: അറബിക്കടാലിന്റെ സിംഹം’ എന്ന സിനിമയിലും കല്യാണി വേഷമിടുന്നുണ്ട്.

Story highlights- kalyani priyadarshan about career