‘കർണൻ’ ഷൂട്ടിംഗ് പൂർത്തിയായി; നന്ദി അറിയിച്ച് ധനുഷ്
മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കർണന്റെ ചിത്രീകരണം പൂർത്തിയായി. ധനുഷ് ട്വിറ്ററിലൂടെയാണ് ഷൂട്ടിംഗ് പൂർത്തിയായ വിവരം പങ്കുവെച്ചത്. ‘കർണൻ ഷൂട്ട് പൂർത്തിയായി. എനിക്ക് ഈ വേഷം തന്നതിന് മാരി സെൽവരാജിന് നന്ദി. പിന്തുണയ്ക്ക് നന്ദി, താനു സർ.. എന്റെ എല്ലാ സഹതാരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും ആത്മാർത്ഥമായ നന്ദി. ഈ പ്രത്യേക ചിത്രത്തിനായി നിങ്ങൾ നൽകിയ മനോഹര സംഗീതത്തിന് സന്തോഷ് നാരായണന് ഒരു പ്രത്യേക നന്ദി’ ധനുഷ് കുറിക്കുന്നു.
നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.
Read More: ‘കുറ്റവും ശിക്ഷയും’ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയാക്കി ആസിഫ് അലി
വെട്രിമാരന്റെ വടാ ചെന്നൈയിലേത് പോലെ ശക്തമായ നാടൻ കഥാപാത്രമാണ് കർണനിലും ധനുഷിന്റേത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ ചിത്രത്തിൽ ധനുഷ് വേഷമിടുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ചിത്രത്തിൽ സംഗീത സംവിധായകനായി സന്തോഷ് നാരായണനും ഭാഗമാകുന്നുണ്ട്.
Story highlights- Karnan: It’s a wrap for the Dhanush-Mari Selvaraj film