മഞ്ജു വാര്യരുടെ കിം കിം പാട്ടിന് രസികൻ നൃത്തവുമായി കുട്ടി തെന്നൽ- വീഡിയോ

December 4, 2020

ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആലപിച്ച കിം കിം ഗാനം ഹിറ്റായി മാറിയിരിക്കുകയാണ്. ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടതെങ്കിലും മഞ്ജു വാര്യർ പാട്ടിനൊപ്പം നൃത്തവുമായി എത്തിയതോടെ വൈറലായി മാറുകയായിരുന്നു. ഒട്ടേറെപ്പേരാണ് കിം കിം പാട്ടിന് ചുവടുവെച്ചിരിക്കുന്നത്. കിം കിം ചലഞ്ചിന്റെ ഭാഗമായാണ് എല്ലാവരും മഞ്ജു വാര്യരുടെ ചുവടുകൾ പകർത്തി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളുടെ പ്രിയ താരം കുട്ടി തെന്നലും കിം കിം നൃത്തവുമായി എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെ വേഷവും ഭാവവുമൊക്കെ അനുകരിച്ച് മനോഹരമായാണ് കുട്ടി തെന്നൽ ചുവടുവയ്ക്കുന്നത്. തെന്നലിന്റേതടക്കം കിം കിം ചലഞ്ചിന്റെ ഭാഗമായവരുടെയെല്ലാം വീഡിയോ മഞ്ജു വാര്യർ പങ്കുവെച്ചിട്ടുണ്ട്.

മുൻപ്, ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനും ചുവടുവച്ച് ശ്രദ്ധ നേടിയിരുന്നു തെന്നൽ അഭിലാഷ് എന്ന കുട്ടി തെന്നൽ. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ് ഈ മിടുക്കി.

Read More: രസികന്‍ കിം കിം പാട്ടിന് ഡാന്‍സുമായി മഞ്ജു വാര്യര്‍: വീഡിയോ

അതേസമയം, മഞ്ജു വാര്യരും സൗബിൻ ഷാഹിറും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവൻ ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’.  ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

Story highlights- kutti thennal dancing