അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ‘മ്യാവൂ’; ലാൽ ജോസ് ചിത്രം ഒരുങ്ങുന്നു

December 20, 2020

സൗബിന്‍ ഷാഹിറും മംമ്താ മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ലാൽ ജോസ് ചിത്രത്തിന് പേരിട്ടു. മ്യാവൂ എന്നാണ് ചിത്രത്തിന്റെ പേര്. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ലാൽ ജോസ് ചിത്രമാണിത്. റാസല്‍ഖൈമയിലാണ് ചിത്രീകരണം. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Read also: ‘സാറാസി’ൽ വേഷമിടാൻ ‘ഒതളങ്ങ തുരുത്തി’ലെ നത്തും; യുവതാരത്തെ പരിചയപ്പെടുത്തി ജൂഡ് ആന്റണി

സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം ഒരു റഷ്യൻ നടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ഇവർക്ക് പുറമെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

"A man who carries a cat by the tail learns something he can learn in no other way.” Mark Twain ❤️ നമ്മുടെ സിനിമക്ക്…

Posted by Laljose on Saturday, December 19, 2020

Story Highlights :laljose movie named meaw