ലൂസിഫർ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് മോഹൻരാജ

December 16, 2020

ശിവകാർത്തികേയൻ നായകനായ വേലൈക്കാരൻ സംവിധാനം ചെയ്ത മോഹൻരാജ ലൂസിഫർ തെലുങ്ക് റീമേക്ക് ഒരുക്കുന്നു. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് സംവിധായകൻ വാർത്ത സ്ഥിരീകരിച്ചത്. ‘എന്റെ മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അനുഗ്രഹത്താൽ, ജീവിതം എല്ലായ്‌പ്പോഴും എനിക്ക് മികച്ച കാര്യങ്ങൾ സമ്മാനിച്ചു. മെഗാസ്റ്റാറുമൊത്ത് ഒരു മെഗാ പ്രോജക്റ്റ് സംവിധാനം ചെയ്യുന്നതിൽ ഇത്തവണ ഞാൻ കൂടുതൽ ആഹ്ളാദിക്കുന്നു’ എന്നാണ് മോഹൻരാജ കുറിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം രചിച്ച ചിത്രമാണ് ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ, തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോഴും കഥാഗതിയിൽ മാറ്റമുണ്ടാകില്ല എന്നാണ് റീപ്പോർട്ടുകൾ.

ചിരഞ്ജീവിയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുഗീതിന്റെ ഫൈനൽ ഡ്രാഫ്റ്റിൽ തൃപ്തി പോരാതെ അദ്ദേഹത്തെ മാറ്റി മോഹൻരാജയെ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read More: മഞ്ജുവിന്റെ ‘കിം കിം’ ഡാൻസിന് ഒരു നാഗവല്ലി വേർഷൻ; വീഡിയോ

ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. തന്റെ വ്യക്തിത്വത്തിനു ചേര്‍ന്നൊരു കഥാപാത്രമാണ് ‘ലൂസിഫറി’ലേത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞതോടെ ചിത്രത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന സന്തോഷത്തിലാണ് മലയാളികൾ. മാസ്സും ആക്ഷനുമൊക്കെ ചേർന്ന് എല്ലാ പ്രേക്ഷകരെയും ഒരുപോലെ ആവേശഭരിതരാക്കുന്ന രീതിയിലാണ് പൃഥ്വിരാജ് ലൂസിഫർ ഒരുക്കിയിരിക്കുന്നത്.

Story highlights- Mohanraja to direct Telugu remake of Lucifer