മൊട്ടത്തലയൻ ചേട്ടനും അനിയനും; ഇന്ദ്രജിത്തിന് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ്
മലയാള സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച് നായകനും, സ്വഭാവനടനും, ഹാസ്യതാരവുമൊക്കെയായി അമ്പരപ്പിച്ച ഇന്ദ്രജിത്ത് പിറന്നാൾ നിറവിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായി ആശംസകളറിയിച്ച് സഹതാരങ്ങളും കുടുംബാംഗങ്ങളുമൊക്കെ എത്തി. ഇന്ദ്രജിത്ത് നായകനായി എത്തുന്ന ആഹാ ടീം ചിത്രത്തിലെ ആദ്യ ഗാനമാണ് പിറന്നാൾ സമ്മാനമായി പങ്കുവെച്ചത്. ഇപ്പോഴിതാ, മനോഹരവും രസകരവുമായ ഒരു ചിത്രമാണ് പൃഥ്വിരാജ്, ചേട്ടന് പിറന്നാൾ ആശംസിക്കാനായി പങ്കുവെച്ചിരിക്കുന്നത്.
തല മൊട്ടയടിച്ച ചേട്ടന്റെയും അനിയന്റെയും കുട്ടിക്കാല ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ചേട്ടന് പിറന്നാൾ ആശംസകൾ എന്നും പൃഥ്വിരാജ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. അന്തരിച്ച നടൻ സുകുമാരന്റെയും മല്ലികയുടെയും മൂത്ത മകനായ ഇന്ദ്രജിത്ത് പടയണി എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ടാണ് അഭിനയലോകത്തേക്ക് എത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. വില്ലനായാണ് തുടക്കം. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധനേടി.
Read More: സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി ‘മേജര്‍’ ഒരുങ്ങുന്നു; ശ്രദ്ധ നേടി ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. 19 (1)(എ) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും വിജയ് സേതുപതിയും നിത്യ മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
Story highlights- prithviraj sukumaran showers birthday love on brother indrajith