‘പ്രേമ’ത്തിന് മുൻപ് ഞാനും നൂറുകണക്കിന് ക്രീമുകൾ പരീക്ഷിച്ചിട്ടുണ്ട്’- സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യം നിഷേധിച്ചതിനെ കുറിച്ച് സായ് പല്ലവി
സിനിമാലോകത്തേക്ക് പ്രേമത്തിലൂടെ മലർ മിസ്സായി കടന്നുവന്ന നടിയാണ് സായ് പല്ലവി. നൃത്തവേദിയിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ച സായ് പല്ലവിയുടെ വേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അഴിച്ചിട്ട മുടിയിലൂടെയും മുഖക്കുരു നിറഞ്ഞ കവിളിലൂടെയുമാണ്. മുഖത്ത് ഒരു പാടുവന്നാൽ പോലും ആത്മവിശ്വാസം നഷ്ടമാകുന്ന പലർക്കും ഈ സിനിമ പ്രചോദനമായി. മുഖക്കുരുവാണ് സായ് പല്ലവിയെ ജനപ്രിയയാക്കിയതും.
സായ് പല്ലവിയുടെ ഐഡന്റിറ്റി തന്നെ മുഖക്കുരുവായി മാറിയ സമയത്താണ് വലിയൊരു ഓഫർ താരം നിഷേധിച്ചതായി വാർത്തകളിൽ നിറഞ്ഞത്. സൗന്ദര്യവർധക വസ്തുവിന്റെ പരസ്യത്തിനായി രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തിട്ടും നടി അത് നിരസിച്ചു. ഇപ്പോഴിതാ, ആ പരസ്യം വേണ്ടെന്നുവെച്ചതിന്റെ കാരണം തുറന്നു പറയുകയാണ് നടി.
എപ്പോഴും ലളിത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയായതുകൊണ്ട് പണം ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. ഇതെന്റെ വ്യക്തിപരമായ ചോയ്സ് ആണെന്നും നമ്മുടെ ചോയ്സ് ഒരുപാട് പേരെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു നിലപാട് എടുക്കാൻ നിർബന്ധിതരാകുമെന്നും സായ് പല്ലവി പറയുന്നു. ‘സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകർഷതാബോധം കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്. ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം? ഞാനും അങ്ങനെ ആയിരുന്നല്ലോ..’ സായ് പല്ലവിയുടെ വാക്കുകൾ.
പ്രേമം എന്ന സിനിമയാണ് ആ അപകർഷതാബോധം ഇല്ലാതാക്കിയതെന്ന് സായ് പല്ലവി പറയുന്നു. ‘പ്രേമത്തിന് മുൻപ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്, എനിക്കും വീടിന് പുറത്തിറങ്ങാൻ മടിയായിരുന്നു. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക എന്നായിരുന്നു.
എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി.അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്’- സായ് പല്ലവി പറയുന്നു.
സ്വന്തം സഹോദരിക്ക് വേണ്ടിയെങ്കിലും ആ പരസ്യം ചെയ്യാതിരിക്കണമായിരുന്നു എന്നാണ് സായ് പല്ലവി പറയുന്നത്. അനിയത്തി തന്നെക്കാൾ അൽപം ഡാർക്കാണെന്നും ചെറുപ്പത്തിൽ സഹോദരിക്ക് ഇഷ്ടമല്ലാത്ത പച്ചക്കറികൾ കഴിപ്പിക്കാൻ അമ്മ ഇതൊക്കെ കഴിച്ചാൽ ചേച്ചിയെ പോലെ നിറം വയ്ക്കുമെന്ന് പറയുമായിരുന്നു എന്നും നടി പറയുന്നു.
‘പാവം കുട്ടി… ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല. എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ടെന്തു കാര്യം?’- സായ് പല്ലവിയുടെ വാക്കുകൾ.
Read More: 98 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 30,005 കേസുകൾ
2008 ല് പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല് പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. തുടര്ന്ന് 2016 ല് ദുല്ഖര് സല്മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്. പിന്നീട് അന്യഭാഷകളിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു സായ് പല്ലവി.
Story highlights- sai pallavi about fairness cream