ഹാപ്പിക്കും, ടോഫിക്കും കൂട്ടായി ബർഫി- പുതിയ അതിഥിയെ പരിചയപ്പെടുത്തി ഉണ്ണി മുകുന്ദൻ
വളർത്തുമൃഗങ്ങളോടുള്ള ഉണ്ണി മുകുന്ദന്റെ സ്നേഹം ഓരോ മലയാളിക്കും അറിയാം. നായ്ക്കളായ ഹാപ്പി, ടോഫി എന്നിവരോടൊപ്പം സ്ഥിരമായി ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മറ്റൊരു കുഞ്ഞു നായ്ക്കുട്ടിയെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി. നായ്ക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
ബർഫി എന്നാണ് നായ്ക്കുട്ടിക്ക് ഉണ്ണി മുകുന്ദൻ പേര് നൽകിയത്. പാലക്കാട്ടുള്ള നടന്റെ വീട്ടിൽ കോഴികളടക്കം നിരവധി വളർത്തുമൃഗങ്ങൾ ഉണ്ട്. പാലക്കാടുള്ള ഒറ്റപ്പാലത്താണ് ഉണ്ണി മുകുന്ദൻ താമസിക്കുന്നത്. അവിടെ താമസിക്കാൻ തുടങ്ങിയ കാലം മുതൽ കൃഷികളും മൃഗങ്ങളെ വളർത്തലുമൊക്കെയുണ്ട്. നായ, കോഴി, താറാവ് എന്നീ വളർത്തുമൃഗങ്ങൾക്ക് പുറമെ യിലുകൾ, മൂങ്ങകൾ, തത്തകൾ എന്നിവ സന്ദർശനത്തിനും എത്താറുണ്ടെന്ന് ഉണ്ണി മുകുന്ദൻ അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അതേസമയം, ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാനാണ് ഏറ്റവുമൊടുവിൽ നടൻ വേഷമിട്ട ചിത്രം. ഉണ്ണി മുകുന്ദന്റെ സ്വപ്ന പദ്ധതിയാണ് ‘മേപ്പടിയാൻ’. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നതിന് പുറമെ അദ്ദേഹത്തിന്റെ കന്നി നിർമ്മാണ സംരംഭം കൂടിയാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചതോടെ ആവേശത്തിലാണ് ഉണ്ണി മുകുന്ദൻ. എല്ലാ അഭിനേതാക്കളും ക്രൂ അംഗങ്ങളും ഷൂട്ടിംഗിൽ ചേരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
Read More: ആകാശത്തേക്ക് കയറിപോകാൻ ഒരു ലിഫ്റ്റ്; അറിയാം ലോകത്തിലെ ഏറ്റവും ഉയരമുള്ള ലിഫ്റ്റിനെ…
അതേസമയം, മേപ്പടിയാൻ പൂർത്തിയാകും മുൻപ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സംവിധാനം ചെയ്യുന്ന വിഷ്ണു മോഹൻ തന്നെയാണ് ഉണ്ണി പുതിയ ചിത്രവും ഒരുക്കുന്നത്. പപ്പ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
Story highlights- unni mukundan about his pet