ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം; ‘കോബ്ര’ ചിത്രീകരണം പുനഃരാരംഭിച്ചു

December 4, 2020

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ചിയാന്‍ വിക്രം. ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കോബ്ര’. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ താരമെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്.

അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. അദ്ദേഹം തന്നെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം ആരംഭിച്ച വിവരം ജ്ഞാനമുത്തു അറിയിച്ചത്. കറുത്ത വസ്ത്രവും മങ്കി ക്യാപ്പും ധരിച്ച് പുറം തിരിഞ്ഞിരിക്കുന്ന വിക്രത്തെയാണ് ചിത്രത്തിൽ കാണുന്നത്.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.

Story Highlights :vikram starring cobra shooting restarted