ആപ്പുകളിലെ വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 22, 2021
How to identify fake apps- Kerala Police

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇക്കാലത്ത് ഏറെയും. എന്നാല്‍ പലപ്പോഴും വ്യാജ ആപ്ലിക്കേഷനുകള്‍ ഫോണുകളില്‍ ഇടം പിടിക്കാറുണ്ട്. അശ്രദ്ധയാണ് ഇതിന് കാരണമാകുന്നത്. വ്യാജ ആപ്ലിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാമെന്ന് വ്യക്തമാക്കുകയാണ് കേരളാ പൊലീസ്.

കുറിപ്പ്
ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാല്‍ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. പ്‌ളേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ കാണുന്നു എന്ന് കരുതി അവ നിയമാനുസൃതമുള്ള ആപ്പ് ആകണമെന്നില്ല. ഉപഭോക്താക്കളില്‍ സംശയം തോന്നിപ്പിക്കാത്ത വിധത്തില്‍ കാഴ്ചയിലും പ്രവര്‍ത്തനത്തിലും ഒറിജിനല്‍ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകള്‍.

നമ്മെ അലോസരപ്പെടുത്തുന്ന രീതിയില്‍ വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ അപ്പുകള്‍ക്ക് നമ്മുടെ മൊബൈല്‍ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാന്‍ കഴിയുന്നു. കൂടാതെ ചിത്രങ്ങള്‍ എടുക്കാനും പിന്‍, പാസ്സ്വേര്‍ഡ് സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിനും കഴിയുന്നു.

ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാര്‍ത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. വാട്‌സ്ആപ്പ് തുടങ്ങിയ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജന്മാരെ കൃത്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് മൂലം പ്‌ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകള്‍ക്ക് ചോര്‍ത്താന്‍ കഴിയും.

സാധാരണ ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. ചില ആപ്പുകള്‍ അതിന്റെ ഡവലപ്പറുടെ ബ്രാന്‍ഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരില്‍ സംശയം തോന്നിയാല്‍ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങള്‍ തുടങ്ങിയവ നമുക്ക് സെര്‍ച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങള്‍ നല്കിയിട്ടുള്ളവയില്‍ സ്‌പെല്ലിങ് / ഗ്രാമര്‍ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വ്യക്തത വരുത്താവുന്നതാണ്.

ഉപയോക്താക്കളുടെ മൊബൈലില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകള്‍ യഥാര്‍ത്ഥ ആപ്പുകളേക്കാള്‍ കൂടുതല്‍ പെര്‍മിഷനുകള്‍ ആവശ്യപ്പെടുന്നു. അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ അപകടകാരികളാണ്. അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ നല്‍കുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷന്‍ നടത്താനും പാസ്സ്വേര്‍ഡ്, സ്റ്റോറേജ് ഉള്‍പ്പെടെ മുഴുവന്‍ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു.

ആപ്പ് ആവശ്യപ്പെടുന്ന പെര്‍മിഷന്‍ കൃത്യമായി മനസിലാക്കുക. ചില ആപ്പുകള്‍ക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോണ്‍ നമ്പറും മറ്റും default ആയി തന്നെ അറിയാന്‍ കഴിയും. ആപ്പുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പെര്‍മിഷനുകളാണ് നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷവും അതിന് മുന്‍പും, നല്‍കിയതും ആവശ്യപ്പെട്ടതുമായ പെര്‍മിഷനുകള്‍ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്‌സ് ഉറപ്പാക്കുക. പ്‌ളേ / ആപ് സ്റ്റോറില്‍ കാണുന്ന ആപ്പുകളുടെ യൂസര്‍ റിവ്യൂ പരിശോധിക്കുക. റേറ്റിങ് മനസിലാക്കുക. വ്യാജ ആപ്പിന് യൂസര്‍ റിവ്യൂ ഉണ്ടാകില്ല. യഥാര്‍ത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും.

ആപ്പുകള്‍ പ്‌ളേ സ്റ്റോറില്‍ പബ്ലിഷ് ചെയ്ത തീയതി ശ്രദ്ധിക്കുക. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തീയതിയാവും. എന്നാല്‍ യഥാര്‍ത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തീയതി അപ്ഡേറ്റഡ് ആയിരിക്കും. വ്യാജന്മാര്‍ ഉപഭോക്താക്കള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കണ്‍ ചിത്രങ്ങള്‍ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാല്‍ അവരുടെ വെബ്സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.

Story highlights: How to identify fake apps- Kerala Police