ഗാബയില്‍ ചരിത്രമെഴുതി ഇന്ത്യ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

January 19, 2021
India won against Australia in Test Series

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് നേടിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗാബയില്‍ വിജയകിരീടം ചൂടിയത്.

ടെസ്റ്റിന്റെ അവസാന ദിവസത്തിലെ അവസാന 20 ഓവറില്‍ അതിഗംഭീരമായ പ്രകടനമാണ് ഇന്ത്യന്‍താരങ്ങള്‍ പുറത്തെടുത്തത്. പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഓസിസിനെ പരാജയപ്പെടുത്തി.

ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ഗാബയില്‍ ചരിത്രംകുറിക്കുകയായിരുന്നു ഇന്ത്യ. ഗാബയുടെ ടെസ്റ്റ് ചരിത്രത്തില്‍തന്നെ ടീം ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. മാത്രമല്ല 32 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും കൗതുകം നിറയ്ക്കുന്നു.

അവസാന അങ്കത്തില്‍ 91 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും 89 റണ്‍സ് അടിച്ചെടുത്ത റിഷഭ് പന്തും 56 റണ്‍സ് നേടിയ പൂജാരെയുമാണ് ഇന്ത്യയുടെ വിജയത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 146 പന്തുകളില്‍ നിന്നുമായാണ് താരം സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് മാത്രം അകലെ 91 റണ്‍സ് നേടിയത്. രണ്ട് സിക്‌സും എട്ട് ഫോറും അടിച്ചെടുത്തു ഗില്‍.

Story highlights: India won against Australia in Test Series