‘ലളിതം സുന്ദര’ത്തിൽ മഞ്ജു വാര്യർക്കൊപ്പം വൈറൽ താരം കുട്ടി തെന്നലും- ടീമിനെ പരിചയപ്പെടുത്തി പ്രിയനടി

January 20, 2021

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്. ഫെബ്രുവരിയിലാണ് ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമയുടെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ.

ഇതാണ് ഞങ്ങൾ എന്ന കുറിപ്പിനൊപ്പമാണ് നടി ചിത്രം പങ്കുവെച്ചത്. മഞ്ജുവിനൊപ്പം ബിജു മേനോൻ, മധു വാര്യർ, ദീപ്തി സതി, സൈജു കുറുപ്പ്, തിരക്കഥാകൃത്ത് രഘുനാഥ്‌ പാലേരി എന്നിവരുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ കുട്ടി തെന്നൽ എന്ന കൊച്ചു മിടുക്കിയും ലളിതം സുന്ദരം എന്ന ചിത്രത്തിൽ വേഷമിടുന്നുണ്ട്.

മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ചേർന്നാണ് നിർമാണം. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. ‘ഇന്നലെ’, ‘പത്രം’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’, ‘പ്രണയ വർണങ്ങൾ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Read More:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6815 പേര്‍ക്ക്

‘ദി ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മധു വാര്യർ സിനിമയുടെ മിക്ക മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘സ്വലേ’, ‘മായാമോഹിനി’ തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് മധുവാര്യർ ആയിരുന്നു. ഇപ്പോൾ ‘ലളിതം സുന്ദര’ത്തിലൂടെ സംവിധാനത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു. അതേസമയം, മഞ്ജു വാര്യർ നായികയായ ചതുർമുഖം റിലീസിന് ഒരുങ്ങുകയാണ്. സണ്ണി വെയ്‌നാണ് ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ.

Story highlights- lalitham sundaram team