‘ലൂസിഫർ’ തെലുങ്ക് റീമേക്കിന് ഹൈദരാബാദിൽ തുടക്കമായി

January 21, 2021

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന് തുടക്കമായി. ഹൈദരാബാദിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. അല്ലു അരവിന്ദ്, അശ്വിനി ദത്ത്, നിരഞ്ജന്‍ റെഡ്ഡി, നാരബാബു, കൊരട്ടല ശിവ, ജെമിനി കിരണ്‍, സിരീഷ് റെഡ്ഡി തുടങ്ങി തെലുങ്ക് സിനിമാലോകത്തെ പ്രമുഖർ പൂജ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി സംവിധായകരുടെ പേരുകൾക്ക് ശേഷമാണ് ചിത്രം മോഹൻ രാജയിലേക്ക് എത്തുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. ചിരഞ്ജീവിയാണ് തെലുങ്ക് പതിപ്പിൽ മോഹൻലാലിൻറെ വേഷത്തിൽ എത്തുന്നത്. അതേസമയം, മഞ്ജു വാര്യരുടെ വേഷത്തിൽ എത്തുന്നത് പ്രിയാമണിയാണ്. 

മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായി റഹ്മാനായിരിക്കും വേഷമിടുക എന്നാണ് സൂചന. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവിയാണ്. കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

Read More: കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ലൂസിഫർ എന്ന ചിത്രം ആരംഭിക്കുന്നത്. പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചിരുന്നു.

Story highlights- lucifer thelugu remake