നീണ്ട 10 മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി മമ്മൂട്ടി- വീഡിയോ

January 23, 2021

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ കഴിഞ്ഞു. ഇടയ്ക്ക് ഒരു ഡ്രൈവിനെങ്കിലും പോകാൻ പറഞ്ഞിട്ടും വാപ്പച്ചി സമ്മതിച്ചില്ല എന്ന് ദുൽഖർ സൽമാൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഫോട്ടോഗ്രഫിയും കോവിഡ് ബോധവൽക്കരണ വീഡിയോകളുമായി അദ്ദേഹം വീട്ടിലിരുന്നും സജീവമായിരുന്നു. നാളുകൾക്ക് ശേഷം ചിത്രീകരണ തിരക്കിലേക്ക് ചേക്കേറുകയാണ് മമ്മൂട്ടി.

കേരളത്തിന്റെ മുഖ്യമന്ത്രിയായി വേഷമിടുന്ന വൺ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് താരം എത്തുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വൺ സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. താടിയും മുടിയും നീട്ടി പുതിയ ലുക്കിലാണ് താരം എത്തിയത്. ഗാനഗന്ധർവൻ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന വൺ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്.

Read More: ‘ആകാശമായവളെ..ശാന്തീ, ഇത്‌ നിനക്കല്ലാതെ മറ്റാർക്ക്‌ സമർപ്പിക്കാനാണ്’- ഹൃദയംതൊടുന്ന കുറിപ്പുമായി ഷഹബാസ് അമൻ

ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പാർട്ടി സെക്രട്ടറിയായി ജോജു ജോർജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംക്ഷയിലാക്കുന്നത്. പ്രതിപക്ഷ നേതാവായാണ് മുരളി ഗോപിയും ചിത്രത്തിൽ വേഷമിടുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’.

Story highlights- mammootty one movie location video