‘എന്നെ പിന്നിലേക്ക് വലിച്ച ഒരു ഭയത്തെ 2020ൽ ഉപേക്ഷിച്ചു’- പുതുവർഷത്തിലേക്ക് ഡൈവ് ചെയ്ത് പ്രയാഗ മാർട്ടിൻ

January 1, 2021

പുതുവർഷം പലവിധത്തിലാണ് സിനിമാതാരങ്ങൾ ആഘോഷമാക്കിയത്. പലരും ഏറെക്കാലത്തിന് ശേഷം സിനിമാ സെറ്റിലേക്ക് മടങ്ങിയെത്തിയ സന്തോഷമാണ് പുതുവർഷ ദിനത്തിൽ പങ്കുവെച്ചത്. എന്നാൽ നടി പ്രയാഗ മാർട്ടിന്റെ പുതുവർഷ ആഘോഷം അല്പം വ്യത്യസ്തമായിരുന്നു. 2021 ലേക്ക് നടി ഡൈവ് ചെയ്യുകയായിരുന്നു. ഡൈവിങ്ങിനെ കുറിച്ചുള്ള അനുഭവങ്ങളാണ് ചിത്രങ്ങൾക്കൊപ്പം പ്രയാഗ പങ്കുവെച്ചത്.

‘ഡൈവിങ് ഞാൻ വിചാരിച്ചതിലും വളരെ വ്യത്യസ്തമായിരുന്നു. മറ്റൊരു ലോകത്ത് ഒരു പുതിയ സമാധാനത്തിന്റെ കാതൽ അനുഭവിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. ക്വാറി ഡൈവിംഗിന് പോകാൻ ഒരു പ്രൊഫഷണൽ ഡൈവിംഗ് വിദഗ്ദ്ധനായ സുഹൃത്തിനോട് ‘യെസ്’ പറഞ്ഞതിന്റെ ആദ്യപടിയായാണ് ഇതെല്ലം സംഭവിച്ചത്. നിങ്ങൾ അത്ഭുതകരമാണ്, സഹോദരാ!’- പ്രയാഗ പറയുന്നു. തന്നെ പിന്നിലേക്ക് വലിച്ച ഒരു ഭയത്തെ 2020ൽ ഉപേക്ഷിച്ച സന്തോഷമാണ് നടി പങ്കുവയ്ക്കുന്നത്.

അതേസമയം, മികച്ച പ്രോജക്ടുകളുമായി സജീവമാകുകയാണ് പ്രയാഗ മാർട്ടിൻ. നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിലാണ് പ്രയാഗ വേഷമിടുന്നത്. പ്രയാഗ മാർട്ടിൻ മുൻപ് ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടിരുന്നു. നായികയായി വെള്ളിത്തിരയിലേക്ക് പ്രയാഗ അരങ്ങേറ്റം കുറിച്ചതുതന്നെ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു.

Read More: കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ റിലീസായി വിജയ്‌യുടെ ‘മാസ്റ്റർ’

സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിൽ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന നവരസയിലൂടെ നടൻ സൂര്യ തന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്തുകയാണ്. ചിത്രത്തിൽ നിന്നുള്ള സൂര്യയുടെ ലുക്ക് പുറത്തുവന്നിരുന്നു.

Story highlights- prayaga martin about Diving